ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

0

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്.

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെ പട്ടികയിലുണ്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്.

ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, മോഹൻലാൽ, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹൻലാൽ.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.

വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടന ദിവസം നടക്കും.