ഇനി എ.ടി.എമ്മില്‍ പോവണ്ട; പണം പോസ്റ്റലായി വീട്ടിലെത്തും

0

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ എ.ടി.എമ്മില്‍ പോവാതെ പണം പിന്‍വലിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം.

പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക. പണം പിന്‍ വലിച്ചവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കണം. പരമാവധി 10,000 രൂപ വരെയാണ് ഒരു ദിവസം ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. ഇതിന് പ്രത്യേക ചാര്‍ജുകളും ഈടാക്കുന്നതല്ല.

ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. 143 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം പിൻവലിക്കാം. സഹകരണ ബാങ്കുകൾ ഇതില്‍ ഉൾപ്പെടില്ല. കേരളത്തിലെ എണ്ണായിരത്തോളം പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പണം നല്‍കുന്ന രീതിയിലാണ് പദ്ധതിയെന്ന് പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സെയ്ദി റഷീദ് വ്യക്തമാക്കി.

‘ഉപഭോക്താക്കള്‍ പണവുമായി വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരോട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ പറഞ്ഞ് കൊടുക്കണം. അപ്പോള്‍ ആ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ആ നമ്പര്‍ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ പണം പിന്‍വലിക്കാന്‍ കഴിയും. ബയോ മെട്രിക് മെഷീനില്‍ വിരല്‍ അമര്‍ത്തുന്നതിന് മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം’, സെയ്ദ് റഷീദ് പറഞ്ഞു.

ബാങ്കുകളില്‍ കൊവിഡ് പശ്ചാത്തലത്തിലും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ പണം എത്തിക്കാനുള്ള സംവിധാനം നടപ്പാക്കാമെന്ന ശുപാര്‍ശ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. അതേസമയം സംസ്ഥാനത്തെ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം ഒരുങ്ങുന്നു. അടുത്തയാഴ്‍ച തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 2 മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഇക്കഴിഞ്ഞയാഴ്ച വൈകിട്ട് നാല് വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.