കോവിഡ് 19 നിയന്ത്രണങ്ങൾ കടുപ്പിച്ച് ദുബായ്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത്

0

ദുബായ്: കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ശനിയാഴ്ച രാത്രി മുതൽ രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.

വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്. നിയമലംഘനം നടത്തുന്നവർക്ക് പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികൾക്ക് വിധേയരാകേണ്ടി വരും. ദുബായ് മെട്രോ, ട്രാം എന്നിവ നിര്‍ത്തിവെച്ചു. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആരോഗ്യപരിശോധന നടത്തും.

യൂണിയൻ കോഒാപറേറ്റീവ് സൊസൈറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഭക്ഷ്യ–മരുന്ന് ഡെലിവറികൾ എന്നിവ സാധാരണപോലെ പ്രവർത്തിക്കും. പുതിയ തീരുമാനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. വൈറസ് ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവൃത്തി തുടര്‍ന്നും നടക്കുമെന്നും അധികൃതര്‍ പറഞ്ഞു.

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്ക്, ഫിനാൻഷ്യൽ സേവനങ്ങൾ ലഭ്യമാകും. സാമൂഹികക്ഷേമ സേവന വിഭാഗം, ലോൺട്രികൾ, അറ്റകുറ്റപ്പണികൾ നടത്തുന്നവർ എന്നിവരെയും അനുവദിക്കും. ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.