മദ്യപിച്ചുള്ള ഡ്രൈവിങ്; സംസ്ഥാനത്ത് മൂവായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

0

മദ്യപിച്ചുള്ള ഡ്രൈവിങ് തടയാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടും. ഈ മാസം ആറുമുതല്‍ പന്ത്രണ്ട് വരെയായിരുന്നു പരിശോധന.

ട്രാഫിക് വിഭാഗം ഐജി അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേൃത്വത്തിലാണ് ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാ വ്യാപകമായി പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. തൃശൂര്‍ സിറ്റിയില്‍ മാത്രം 530 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴയില്‍ 304 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം 13ന് കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന നടത്തിയതില്‍ 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിലായിരുന്നു. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെട്ടിരുന്നു.