ഏതൊക്കെ രാജ്യക്കാർക്ക് ഇന്ത്യയിലെത്തുമ്പോൾ യുപിഐ ഉപയോഗിക്കാം?

0

ഡൽഹി: ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യ സന്ദർശിക്കുമ്പോൾ പേയ്‌മെന്റുകൾക്കായി ഇപ്പോൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ധന നയ യോഗത്തിനു ശേഷമായിരുന്നു ആർബിഐ ഗവർണറുടെ പ്രഖ്യാപനമുണ്ടായത്.

ബെംഗളുരു, മുംബൈ, ദില്ലി എന്നിങ്ങനെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായാണ് ഈ സൗകര്യം ആദ്യം അവതരിപ്പിക്കുന്നത്. ഇതിനായി യുപിഐ-ലിങ്ക്ഡ് ‘പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് വാലറ്റുകൾ’ യാത്രക്കാർക്ക് നൽകും. ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന ഇന്ത്യയിലുടനീളമുള്ള 50 ദശലക്ഷത്തിലധികം ഷോപ്പുകളിൽ പേയ്‌മെന്റുകൾ നടത്താൻ യാത്രക്കാർക്ക് ഇത് ഉപയോഗിക്കാം.

തുടക്കത്തിൽ, ഐ സി ഐ സി ഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, പൈൻ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാൻസ്‌കോർപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവ യുപിഐ-ലിങ്ക്ഡ് വാലറ്റുകൾ നൽകും.

അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ. എന്നിവയുൾപ്പെടെയുള്ള വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുടെ ഫോറമാണ് ജി 20.

വിദേശ പൗരന്മാർക്കും ഇന്ത്യ സന്ദർശിക്കുന്ന എൻആർഐകൾക്കും യു പി ഐ ഉപയോഗിക്കാൻ അനുമതി നൽകാനുള്ള ആർബിഐയുടെ തീരുമാനം ഡിജിറ്റൽ ഇടപാട് രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കിയേക്കും. ഇതിലൂടെ ഇടപാടുകൾ സുഗമമാക്കുകയും യാത്രക്കാർക്കുള്ള പേയ്‌മെന്റുകൾ ലളിതമാക്കുകയും ചെയ്യാൻ സാധിക്കും.