പത്തനാപുരത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; കേസെടുത്ത് പൊലീസും മനുഷ്യാവകാശ കമ്മീഷനും

0

പത്തനാപുരം: സാമ്പത്തിക തർക്കത്തിന്റെ പേരിൽ വൃദ്ധ മാതാവിനെ വീട്ടുമുറ്റത്തെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് മകളുടെ ക്രൂരമർദ്ദനം. തടയ്യാനെത്തിയ വാർഡ് അംഗത്തിനും മർദ്ദനമേറ്റു. പത്തനാപുരം,​ നെടുംപറമ്പ് പാക്കണംകാലായി പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് അമ്മ ലീലാമ്മയെ മർദ്ദിച്ചത്. ലീലാമ്മയുടെ നിലവിളി കേട്ടാണ് അയൽ വാസിയും പഞ്ചായത്തംഗവുമായ അർഷ മോളും നാട്ടുകാരും ഓടിയെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനം തടയാനെത്തിയ അർഷയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് തള്ളിയിട്ടാണ് ലീന മർദ്ദിച്ചത്. തുടർന്ന് നാട്ടുകാരും അർഷയുടെ ഭർത്താവുമുൾപ്പെടെ ചേർന്നാണ് ലീനയെ പിടിച്ചു മാറ്റിയത്. അർഷയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലീന മിക്ക ദിവസവും അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപമുണ്ട്. ലീന നാട്ടുകാരെ അസഭ്യം പറഞ്ഞെന്നും മർദ്ദിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ പത്തനാപുരം പൊലീസിന് കേസെടുത്തു.