വരുമാനം ഇടിയുന്നു; ഫേസ്ബുക്ക് ജീവനക്കാരെ പിരിച്ചുവിടും

0

സന്‍ഫ്രാന്‍സിസ്കോ: കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി വരുമാനത്തില്‍ ഇടിവ് നേരിട്ട ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി വിവരം. വരും പാദങ്ങളില്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്.

“ഇത് കൂടുതൽ തീവ്രമായ നടപടികള്‍ ആവശ്യപ്പെടുന്ന കാലഘട്ടമാണ് വന്നിരിക്കുന്നത്. കുറഞ്ഞ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്” കമ്പനിയുടെ വരുമാനം സംബന്ധിച്ച് മെറ്റ ജീവനക്കാരുമായി നടത്തിയ കോൺഫറൻസ് കോളിൽ സക്കർബർഗ് പറഞ്ഞുവെന്നാണ് ഇതിലേക്ക് നയിക്കുന്ന സൂചന.

നിലവില്‍ ജീവനക്കാരെ പിരിച്ചുവിടും എന്ന കാര്യം സക്കര്‍ബര്‍ഗ് നേരിട്ട് പറയുന്നില്ല. എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും തുറന്നിടുന്നതായിരുന്നു വാക്കുകള്‍. ‘മെറ്റയിലെ പല ടീമുകളയും ചെറുതാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനാല്‍ വിഭവശേഷി ചില ടീമില്‍ ഇരട്ടിപ്പിക്കാം, ചിലതില്‍ നിന്നും മാറ്റാം. ഇതെല്ലാം എങ്ങനെ, എവിടെ നിന്ന് എന്നതിന്‍റെ ഉത്തരവാദിത്വം കമ്പനി നേതൃത്വത്തിനായിരിക്കും, ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ ഇത് നടപ്പിലാക്കും’ – മെറ്റ സിഇഒ പറഞ്ഞു.

ഈ വർഷം ഇതിനകം മെറ്റ വലിയ തോതില്‍ റിക്രൂട്ട്മെന്‍റ് നടത്തി. അതിനാല്‍ വരും പാദങ്ങളില്‍ മെറ്റയിലെ ജീവനക്കാരുടെ എണ്ണം കൂടുതലായിരിക്കും എന്നും സക്കർബർഗ് അഭിപ്രായപ്പെട്ടു, എന്നാൽ ഇത് കാലക്രമേണ കുറയുന്ന അവസ്ഥയുണ്ടാകും – മെറ്റ സിഇഒ പറഞ്ഞു.