സ്‌കൂള്‍ ബസില്‍ ഗിയര്‍ ലിവറിന് പകരം മുള വടി; മുംബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

1

സ്‌കൂള്‍ ബസിലെ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. 22കാരനായ രാജ് കുമാറാണ് അറസ്റ്റിലായത്. മുംബൈയിലെ പേര് കേട്ട പൊദ്ദാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളെ കൊണ്ട് പോകുന്ന ബസ്സിലാണ് നിരുത്തരവാദിത്തപരമായ താല്‍ക്കാലിക സംവിധാനം പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് മധു പാര്‍ക്കിന് സമീപത്തുവെച്ച് ഒരു ബിഎംഡബ്ല്യു കാറിനെ ഇടിച്ചതോടെയാണ് മുള വടി ഡ്രൈവിങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുക്കയും ചെയ്തു.
മൂന്ന് നാലു ദിവസം മുന്‍പ് ഗിയറിന്റെ കൈപ്പിടി ഒടിഞ്ഞു പോയെന്നും നന്നാക്കുവാന്‍ സമയം കിട്ടിയില്ലെന്നും രാജ്കുമാര്‍ പോലീസിനോട് പറഞ്ഞു. അത് കൊണ്ടാണ് തല്‍ക്കാലം ഗിയര്‍ ലിവറായി മുള വടി ഉപയോഗിച്ചതെന്നുമായിരുന്നു 21 വയസ്സുകാരനായ ഡ്രൈവറുടെ വിശദീകരണം.
279, 336 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.