കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു

0

ചവറ: പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി (75) അന്തരിച്ചു. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അന്ത്യം. കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമായിരുന്നു ചവറ പാറുക്കുട്ടി. അന്‍പതുവര്‍ഷത്തിലധികമായി കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവമായിരുന്നു. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കേതില്‍ പരേതരായ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടേയും മകളാണ്.സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം’ എന്ന ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മകള്‍ കലാമണ്ഡലം ധന്യ.