രാജമലയിൽ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടി‌ഞ്ഞ് വീണു; നാലുമരണം

1

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രാജമല പെട്ടിമുടിയിൽ കണ്ണൻദേവൻ എസ്റ്റേറ്റിനോട് ചേർന്ന് എൺപത്തിമൂന്നുപേർ താമസിക്കുന്ന നാല് ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. രക്ഷപ്പെടുത്തിയ പത്തുപേരെ ടാറ്റാ ഹൈ റേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്തേക്ക് എന്‍.ഡി.ആര്‍.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.

വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തകർക്കുളള പ്രധാന തടസം. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയുളള ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ രണ്ടുമണിക്കൂർ വേണം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.

പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാലാണിത്. പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിർമ്മാണത്തിലിരിക്കുന്ന പാലം രക്ഷാപ്രവർത്തനത്തിനായി ഭാഗികമായി തുറന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയോട് അപകടസ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിലും തൃശൂരും നിന്നുമുളള സംഘങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.