മോദിയും രാഹുലും ഇന്ന് കേരളത്തില്‍

0

കൊച്ചി/കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ തങ്ങും.

നാളെ രാവിലെ 8.55ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് നാവിക വിമാനത്താവളത്തിൽനിന്ന് പ്രത്യേക ഹെലികോപ്റ്റർ വഴി ഗുരുവായൂരിലേക്ക് പോകും. 9.45ന് അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തും. അവിടെ നിന്ന്കാർമാർഗം 10ന് ദേവസ്വംവക ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി 10.10ന് ക്ഷേത്രത്തിലെത്തും. ക്ഷേത്രദർശനത്തിനു 11.30ന് ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അഭിനന്ദൻ സമ്മേളനം’ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 2ന് തിരിച്ചു പോകും.

നേരത്തേ ക്ഷേത്രദര്‍ശനം മാത്രമെന്നായിരുന്നു അറിയിപ്പ്. ബി.ജെ.പി.യുടെ കേരളഘടകത്തിന്റെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് പൊതുസമ്മേളനംകൂടി നിശ്ചയിച്ച് സമയം മാറ്റിയത്. ബുധനാഴ്ച രാവിലെയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രിക്ക് താമരപ്പൂവു കൊണ്ട് തുലാഭാരം നടത്തും.

കളക്ടര്‍ ടി.വി. അനുപമ, തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയവരും പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും രണ്ടുദിവസമായി ഗുരുവായൂരിലുണ്ട്. ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു.

വയനാട് മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വോട്ടർമാരോടു നന്ദി പറയാൻ ഇന്ന് എത്തും. 3 ദിവസം രാഹുൽ മണ്ഡലത്തിൽ വോട്ടർമാരെ കാണും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ പര്യടനം നടത്തും. കോഴിക്കോട് വിമാനത്താവളത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ രാഹുലിനെ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കല്പറ്റയിലെത്തും. ശനിയാഴ്ച വയനാട് ജില്ലയില്‍ പര്യടനം നടത്തും. വയനാട്ടില്‍ ആറ് സ്വീകരണയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഞായറാഴ്ച തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തിയശേഷം പ്രത്യേക വിമാനത്തില്‍ മടങ്ങും.