നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം മഹാബലിപുരത്ത്

0

ചെന്നൈ: നടി നയൻതാരയും ചലച്ചിത്ര നിർമാതാവ് വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച മഹാബലിപുരത്തെ റിസോർട്ടിൽ നടക്കും. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് വിഘ്നേഷ് വിവാഹ വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത്. തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചതെന്നും ചില കാരണങ്ങളാൽ വേദി മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം ചിത്രങ്ങൾ പങ്കിടുമെന്നും ജൂൺ 11 ഉച്ചക്ക് ഇരുവരും ചേർന്ന് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പ​ങ്കെടുക്കുക. ചലച്ചിത്ര മേഖലയിൽനിന്ന് രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്ത്, കാർത്തി, വിജയ് സേതുപതി തുടങ്ങിയവർ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ചലച്ചിത്ര നിർമാതാവ് ഗൗതം മേനോന്റെ നേതൃത്വത്തിൽ വിവാഹ ചടങ്ങ് ഷൂട്ട് ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് വിൽക്കുമെന്നും റിപ്പോർട്ടുണ്ട്.

2015 നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. 2016ലെ ഒരു അവാർഡ് ദാന ചടങ്ങിൽ ദമ്പതികൾ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചു. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.