ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; റിഷഭ് പന്ത് നയിക്കും

0
First ODI match between South Africa and India in Paarl, South Africa, Wednesday, Jan. 19, 2022. (AP Photo/Halden Krog)

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്. ഇന്ന് വൈകിട്ട് 7 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെ എല്‍ രാഹുല്‍ തുടയിലേറ്റ പരുക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക.

രാഹുലിന് പുറമെ സ്പിന്നര്‍ കുല്‍ദീപ് യാദവും പരുക്കുമൂലം ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി. റിഷഭ് പന്തിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയോഗിച്ചിരിക്കുന്നത്.

വലതുതുടയിലേറ്റ പരുക്കാണ് രാഹുലിന് വിനയായതെങ്കില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈക്ക് പരുക്കേറ്റതാണ് കുല്‍ദീപിന് പരമ്പര നഷ്ടമാവാന്‍ കാരണം. രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനും കുല്‍ദീപ് യാദവിനും പകരക്കാരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിച്ചിട്ടുണ്ട്. റിഷഭ് പന്തിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ഈ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി.ഈ വര്‍ഷമാദ്യം രാഹുലിന്‍റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.