ചീഞ്ഞ ശരീരവുമായി നടക്കുന്ന പാറ്റ: സോംബിയെന്ന് സോഷ്യൽ മീഡിയ

0

അദൃശ്യവും അജ്ഞാതവുമായ നിരവധി ജീവജാലങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പ്രകൃതിയിലേക്ക് സൂക്ഷിച്ച് നോക്കിയാൽ എത്രെയെത്ര മനോഹരവും വിചിത്രവുമായ ജീവജാലകങ്ങൾ നമുക്ക് കാണാൻ കഴിയും. നമ്മളെ അമ്പരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും കഴിവുള്ളവയാണ് പ്രകൃതി. ചത്ത പ്രാണി എഴുന്നേറ്റ് നടക്കുന്ന വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

വയറുൾപ്പെടെയുള്ള ഭൂരിഭാഗം ആന്തരികാവയവങ്ങളും നഷ്ടപ്പെട്ടിട്ടും ഒരു പ്രാണി സാധാരണ പോലെ നടന്നുനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ഡോ. സാമ്രാട്ട് ഗൗഡ തൻ്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

“ഒരു ന്യൂറോ പാരസൈറ്റ് ചത്ത പ്രാണിയുടെ തലച്ചോറിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് അതിനെ നടക്കാൻ പ്രേരിപ്പിക്കുകയാണെന്നാണ് ഗവേഷകർ പറയുന്നത്. ഇത് സോംബിയാണെന്നും” അദ്ദേഹം അടിക്കുറിപ്പിൽ പറയുന്നു. വീഡിയോ കണ്ട നിരവധി പേർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

“സിനിമകളിൽ മാത്രം കണ്ടും കേട്ടും അറിയുന്ന സോംബികൾ സത്യമാണെന്നാണ് ചിലർ പ്രതികരിച്ചത്. മരണാന്തര ജീവിതം എന്നൊക്കെ പറഞ്ഞു കേട്ടിട്ടല്ലേയുള്ളൂ. അതിശയം എന്ന് മറ്റു ചിലർ പറയുന്നു. എന്നാൽ പ്രാണിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയുള്ള ട്വീറ്റും വന്നിട്ടുണ്ട്. “ഇത് കോർഡിസെപ്‌സ് ഫംഗസ് ബാധിച്ച ഒരു കോക്ക്‌ചേഫർ ബീറ്റിൽ ആണ്. അവ ശരീരത്തിൻ്റെ ചലനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. ഈ ഫങ്കസുകൾ ഒരു പ്രാണിയുടെ ശരീരത്തിലൂടെ വളരുകയും പ്രാണികളുടെ പേശികളെ നിയന്ത്രിക്കുന്ന ഫിലമെന്റുകളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നു എന്നുമാണ് ട്വീറ്റ്.