സ്കൂൾ ഫീസായി മാലിന്യം: നൈജീരിയൻ പദ്ധതിക്ക് ഫുൾ മാർക്ക്

0

ലേഗോസ് (നൈജീരിയ): പുതിയ ബാഗും പാഠപുസ്തകങ്ങളുമായി സ്കൂളിലെത്തുന്ന ലേഗോസിലെ കുട്ടികൾ മറ്റൊരു സഞ്ചിയിൽ വീട്ടിലെ ആക്രിസാധനങ്ങളും കരുതും. വഴിയിൽ തള്ളാനല്ല, സ്കൂൾ ഓഫിസിൽ കൊടുത്ത് രസീതു വാങ്ങാനാണ്.

പഴയ കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും തുടങ്ങി പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളാണ് ഇവിടെ പല സ്കൂളുകളും ഫീസായി വാങ്ങുന്നത്. ഓരോരുത്തരും നൽകുന്ന വസ്തുക്കളുടെ വില ഫീസിനത്തിൽ വകയിരുത്തും.

ഫീസ് കൊടുക്കാൻ വഴിയില്ലാതെ പഠനം അവസാനിപ്പിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലെത്തിക്കുന്നതോടൊപ്പം നാട് മാലിന്യമുക്തമാക്കുക കൂടി ലക്ഷ്യമിട്ട് ആഫ്രിക്കൻ ക്ലീൻ അപ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പദ്ധതി ആസൂത്രണം ചെയ്തത്. സ്കൂളുകൾ ശേഖരിക്കുന്ന മാലിന്യം കൈകാര്യം ചെയ്യുന്നതു സംഘടനയാണ്. നിലവിൽ 40 സ്കൂളുകളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽ നിന്നു ഫീസായി മാലിന്യം സ്വീകരിക്കുന്നത്.

വിദ്യാർഥികൾ എത്തിക്കുന്ന ആക്രിസാധനങ്ങൾ വിറ്റു കിട്ടുന്ന പണം കുട്ടികളുടെ യൂണിഫോം, പുസ്തകങ്ങൾ എന്നിവ വാങ്ങാനും അധ്യാപകർക്കും ശമ്പളം നൽ‌കാനും ഉപയോഗിക്കുന്നു. ശരാശരി 10,000 രൂപയാണ് സ്കൂളുകളിലെ വാർഷിക ഫീസ്. കുട്ടികൾ എത്തിക്കുന്ന മാലിന്യങ്ങളിൽ നിന്ന് ഈ തുക കണ്ടെത്താൻ കഴിയുന്നുണ്ടെന്നാണ് സ്കൂളുകളുടെ സാക്ഷ്യം.ഇപ്പോൾ കൂടുതൽ കുട്ടികൾ ക്ലാസുകളിലെത്തുന്നുണ്ട്. ആക്രി സാധനങ്ങൾ‌ വീട്ടിലില്ലാത്തവർ അവ തെരുവിൽ നിന്നു ശേഖരിക്കുന്നതിനാൽ തെരുവുകളും വൃത്തിയാണ്.