എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല ; ചികിത്സ തേടിയ ആൾ കർശന നിരീക്ഷണത്തിൽ

0

കണ്ണൂര്‍: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധിച്ചുവെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ.നിപ ലക്ഷണത്തോടെ ചികിത്സ തേടിയ ആൾ കർശന നിരീക്ഷണത്തിൽ തുടരുന്നു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാന്പിൾ പരിശോധിച്ചതിൻറെ ഫലം ഇന്ന് ആരോഗ്യവകുപ്പിന് കൈമാറും. രക്തസാന്പിൾ പരിശോധന ഫലം രാവിലെ തന്നെ ലഭ്യമായേക്കും. അവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കു. നിപയാണന്നതിന് വിദൂര സാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്.

എങ്കിലും എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗിയേക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മന്ത്രി വ്യക്തമക്കി.ആരോഗ്യവകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. രോഗിയെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കഴിഞ്ഞ മാസം ഇതുപോലെ ചില കേസുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. അവയെല്ലാം നെഗറ്റീവായിരുന്നു. സീസണ്‍ കഴിയാറയതു കൊണ്ടു തന്നെ നിപയാകാനുള്ള സാധ്യത വളരെ കുറവാണ്.

ഡോക്ടർമാർക്കെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകൾ സ്റ്റോക്കുണ്ടെന്നും എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ വൈറസ് സ്ഥിരീകരിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള നേരത്തെ അറിയിച്ചിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.