നിപ: സമ്പർക്ക പട്ടിക കൂടാൻ സാധ്യത, വീടുകൾ തോറും സർവെ നടത്തുമെന്ന് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരൻ നിപ ബാധിച്ച് മരിച്ചത്. ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും പ്രാധാന്യം നൽകി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ചു.

ചോദ്യാവലിയുമായി ഭവനസന്ദർശനം നടത്താനും തീരുമാനിച്ചു. കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾക്കുമായും മന്ത്രിമാർ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.