കുറച്ചത് 15 കിലോ; നിവിൻ പോളിക്ക് കയ്യടിച്ച് ആരാധകരും താരങ്ങളും

0

ലോക്ക്ഡൗൺ നാളുകൾ പിന്നിട്ട് വലിയ ഇടവേളയ്‌ക്കു ശേഷമാണ് നടൻ നിവിൻ പോളിയുടെ ചിത്രങ്ങൾ തിയേറ്ററിലെത്തിയത്. എന്നാൽ സിനിമകളെക്കുറിച്ചുള്ള അഭിപ്രായത്തേക്കാൾ നിവിൻ നേരിട്ടത് ബോഡി ഷെയിമിംഗ് ആണ് എന്നാൽ നിവിൻ പോളിയുടെ ഗംഭീര മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിവിന്റെ മാറ്റം കയ്യടിച്ച്‌ അഭിന്ദിച്ചു കൊണ്ട് കൂട്ടുകാരൻ അജു വർഗീസും എത്തി. പടവെട്ട് സിനിമയിലെ നിവിന്റെ വണ്ണംവച്ചുള്ള ലുക്കും ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

അന്ന് കളിയാക്കിയവരുടെ വായടപ്പിക്കാൻ ഇതിലും വലിയ ഉത്തരമില്ല എന്ന് പറഞ്ഞുപോകും നിവിന്റെ ഏറ്റവും പുതിയ ഫോട്ടോ കണ്ടാൽ. താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് അജുവിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. വിനയ് ഫോർട്ട്, ദുർഗകൃഷ്ണ, ലെന തുടങ്ങി നിരവധിപ്പേരാണ് നിവിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

ശരീരഭാരം കൂടിയതിന്റെ പേരിൽ നിവിന് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ട് മാസം കൊണ്ട് പതിനഞ്ച് കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. കൊല്ലത്ത് പ്രകൃതി ചികിത്സയിലൂടെയായിരുന്നു അമ്പരപ്പിക്കുന്ന മാറ്റം ഉണ്ടായത്.

തടി കുറച്ചതിനു ശേഷമുള്ള ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പുതുവത്സരം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം ദുബായിലെത്തിയ നിവിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വാർത്ത ആരാധകരും അറിയുന്നത്.

ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍പോളിയുടെ പുതിയ പ്രോജക്ട്. ദുബായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എട്ടാംതീയതി ചിത്രീകരണം ആരംഭിക്കും. കേരളത്തിലും പത്ത് ദിവസത്തെ ഷൂട്ടുണ്ട്.

നിവിന്‍പോളിയെ കൂടാതെ വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഗണപതി, സാനി ഇയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പോളി ജൂനിയേഴ്‌സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ നിവിന്‍പോളിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ദേശമാണ് ലൈന്‍ പ്രൊഡ്യൂസര്‍. വിഷ്ണു തട്ടാശ്ശേരിയാണ് ക്യാമറാമാന്‍.