ഒന്നാം തീയതി ‘ഡ്രൈ ഡേ’ തന്നെ; ബാർ തുറക്കുന്നത് പരിഗണനയിലില്ല; മന്ത്രി

0

തിരുവനന്തപുരം: നിലവിൽ ഡ്രൈ ഡേയായി പ്രഖ്യാപിച്ചിരിക്കുന്ന ഒന്നാം തീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ന്‍ നിയമസഭയെ അറിയിച്ചു.

ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചതു മൂലം സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും പ്രശ്‌നമുണ്ടായിട്ടില്ല. കള്ളുഷാപ്പുകള്‍, ത്രീ സ്റ്റാര്‍ ബാറുകള്‍, ബെവ്റിജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ ദൂരപരിധി മുന്‍പു നിശ്ചയിച്ചതാണെന്നും ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മദ്യനയത്തിന്‍റെ കരട് ഇപ്പോഴും ചർച്ചയിലാണ്. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നൽകും. 1996-ൽ എ കെ ആന്‍റണി സർക്കാർ ചാരായ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒന്നാം തീയതികളിൽ മദ്യവിൽപ്പനയും നിരോധിച്ച് ഉത്തരവിറങ്ങിയത്. ഗാന്ധിജയന്തി, ഗാന്ധിജിയുടെ രക്തസാക്ഷിദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി ദിവസങ്ങളും നിലവിൽ ഡ്രൈ ഡേ ആണ്.