ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 പേർക്ക് കൊറോണ; നാലായിരത്തോളം പേർ നിരീക്ഷണത്തിൽ

0

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.

കഴിഞ്ഞ മാസം കപ്പലിൽ യാത്ര ചെയ്ത, ഹോങ്കോങ്കിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ബാധിച്ചതിനെത്തുടർന്നാണ് കപ്പലിലുള്ളവരെ പരിശോധനയ്ക്കു വിധേയരാക്കിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 272 പേരുടെ പരിശോധനയാണ് ഇതുവരെ നടത്തിയതെന്നും 31 പേരുടെ ഫലം ലഭിച്ചതിൽ 10 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജപ്പാൻ ആരോഗ്യ മന്ത്രി കട്സുനോബ് കറ്റോ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ കപ്പലിൽനിന്നു മാറ്റിയിട്ടുണ്ട്.

കപ്പലിൽ ഉള്ള ബാക്കിയുള്ളവരെയെല്ലാം 14 ദിവസം നിരീക്ഷണത്തിലാക്കുമെന്നും അതിനു ശേഷമേ പോകാൻ അനുവദിക്കൂവെന്നും കറ്റോ പറഞ്ഞു. കപ്പലിലുള്ള പകുതിയിലേറേ പേരും ജാപ്പനീസ് പൗരന്മാരാണെന്നും മറ്റുള്ളവരുടെ പൂർണ വിവരങ്ങൾ ലഭ്യമല്ലെന്നും ക്രൂയിസ് കപ്പലിന്റെ ഓപ്പറേറ്റർ പറഞ്ഞു. കപ്പലിന്റെ അടുത്ത രണ്ടാഴ്ചത്തെ യാത്രകൾ റദ്ദാക്കിയതായും കപ്പിലിലേക്ക് വേണ്ട അവശ്യവസ്തുക്കൾ എത്തിക്കുമെന്നും ഉടമസ്ഥരായ കാർണിവൽ കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.