ജപ്പാന്‍ റിക്രൂട്ട്‌മെന്റ് നടപടി: ‘ജൈക്ക’ പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു

0

തിരുവനന്തപുരം ∙ കേരളത്തില്‍ നിന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ നടപടികളുടെ ഭാഗമായി ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജെഐസിഎ) പ്രതിനിധികള്‍ തിരുവനന്തപുരം വഴുതക്കാട് നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ സുചിയാ യസൂക്കോ, അഡമിനിസ്‌ട്രേഷന്‍ കം പ്രോജക്ട് ഓഫീസര്‍ ജോന്‍ഡാ റബ എന്നിവരാണ് ജാപ്പനീസ് ഭാഷാ പഠനത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി നോര്‍ക്ക റൂട്ട്‌സില്‍ എത്തിയത്.

ലോകരാജ്യങ്ങളില്‍ നിന്നും ജപ്പാനിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ജപ്പാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (എസ്എസ്ഡബ്ല്യു) പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.

എസ്എസ്ഡബ്യുവിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ജൈക്കയുടെ സഹകരണം തേടിയിരുന്നു. ഇതിന്റെ ഭാഗമായി നോര്‍ക്കയുടെ പ്രവര്‍ത്തനവും സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനാണ് ജൈക്ക പ്രതിനിധികള്‍ എത്തിയത്. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ ജൈക്ക പ്രതിനിധികള്‍ ഭാഷാ പരിശീലനത്തിന് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ സെക്ഷനുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസിലാക്കിയ ശേഷമാണ് പ്രതിനിധികള്‍ മടങ്ങിയത്. സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രതിനിധികളെ സ്വീകരിച്ചു. ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ടി.കെ.ശ്യാം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.