മായകാഴ്ച്ചകളുടെ ഒടിയൻ

1

പാലപ്പൂവിന്‍റെ മണം വിതറുന്ന രാത്രികളിൽ ചീവിടിന്‍റെ ചിറകടി യക്ഷിയുടെ കാലൊച്ചയാണെന്നും,ഇരുട്ട് തളം കെട്ടിനിൽക്കുന്ന വഴിയോരങ്ങളിൽ ചാത്തനും മാടനുമുണ്ടെന്നും, പണ്ടെങ്ങൊകേട്ട മുത്തശ്ശികഥമാത്രമായി വിശ്വസിക്കുന്ന പുതുതലമുറയെക്കുമുന്പിൽ, ഒടിയൻ എന്ന മിത്തിനെ മോഹൻലാൽ എന്ന നടനവിസ്മയത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ ശ്രീ കുമാർ മേനോൻ. ഗർഭിണിയായ സ്​ത്രീയുടെ മറുപിള്ളയെ ഉപയോഗിച്ച്​ ഒടിമരുന്നുണ്ടാക്കി അത്​ ചെവിയിൽ വെച്ച്​ ഒടിയനായി മാറുന്ന ആളുകളെ കുറിച്ചുള്ള കഥകൾ ഗ്രാമീണ ജനതയ്ക്ക് പുതുമയല്ല. ഇത്തരത്തിലുള്ള ഒടിയനായ മാണിക്യന്‍റെ കഥയാണ്​​ സിനിമ പറയുന്നത്.


മുൻപും പാലക്കാടൻ ഗ്രാമീണ ഭംഗി അതെ തന്മയത്വത്തോടെ നിരവധി സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മിത്തും ചരിത്രവും ജാലവിദ്യയും ഇഴചേർന്ന പാലക്കാടിന്‍റെ നിഗൂഢ ഭംഗിയാണ് ഒടിയന്‍റെ ഓരോ ഫ്രെമിലും. കഥാപരമായി സാധാരണഗതിയിലുള്ള ലളിതമായ സിനിമയാണ് ഒടിയൻ. ഇരുട്ടിന്‍റെ രാജാക്കന്മാരായി ജീവിച്ചിരുന്ന മനുഷ്യരെ ഭയചകിതരാക്കിയ ഒടിയൻ എന്ന മിത്തിനെ പുതിയ തലമുറയെക്കുമുന്പിൽ ആവിഷ്കരിക്കാനാണ് ദേശിയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണൻ തിരക്കഥയിലൂടെ ശ്രമിക്കുന്നത്. എന്നാൽ ഒടിയനെ പറ്റി നമമൾ കേട്ടുമറന്ന ഐ തിഹ്യങ്ങൾ സിനിമക്ക്​ അത്ര കണ്ട്​ വിഷയമായിട്ടില്ല. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഓടിയനായി വരുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയരുക സ്വാഭാവികമാണ്, വൻ പ്രതീക്ഷവെച്ച് എത്തിയവർക്കൊപ്പം ഉയരാൻ ഒടിയന്​ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്​.


വാരണാസിയിൽ ചിത്രീകരിച്ച ആവേശകരമായ ഒരു രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്.15 വർഷം മുമ്പ്​ തേങ്കുറിശ്ശിയിൽ നിന്ന്​ നാടുവിട്ട്​ നിരവധി ദേശങ്ങളിലുടെ ചുറ്റിത്തിരിഞ്ഞതിന്​ ശേഷം വാരണാസിയിൽ നിന്നും തന്‍റെ ഗ്രാമമായ തേങ്കുറിശ്ശിയിലേക്കു ഒടിയൻ മാണിക്യൻ തിരിച്ചുവരികയാണ്. പിന്നങ്ങോട്ട് ഫ്ലാഷ്ബാക്കുകളുടെ കുത്തൊഴുക്കാണ്. ആ മടങ്ങിവരവ് വെറുമൊരു തിരിച്ചു നടത്തമല്ല, കാരണം രാവുണ്ണിയോടുള്ള(പ്രകാശ് രാജ് ) അയാളുടെ പ്രതികാരം അത്രമാത്രം തീവ്രമാണ്. കാലം ചെല്ലുന്തോറും വീര്യമേറുന്ന വീഞ്ഞു പോലെ നുരഞ്ഞു പൊന്തുന്ന പ്രതികാരമാണ് അയാള്‍ക്കുള്ളിലുള്ളത്. ചെറുപ്പത്തിലെ നാടുവിട്ടുപോയതാണ് മാണിക്യന്‍റെ മാതാപിതാക്കള്‍. പിന്നീട് അവനെല്ലാം മുത്തപ്പനായിരുന്നു .മുത്തപ്പനിൽ നിന്നും ഓടി വിദ്യകൾ പഠിച്ച് മാണിക്യൻ കേമനായ ഒരോടിയനായി മാറുന്നു. പിന്നീട് പ്രണയവും നിസ്സഹായതയും പ്രതികാരവുമെല്ലാംമിഴചേർന്ന മാണിക്യന്‍റെ ജീവിതമാണ് കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.​അത്തരത്തിൽ സിനിമയുടെ ആദ്യ പകുതി ഒടിയന്‍റെ കഥകളാല്‍ സമ്പന്നമാണ്.


ഛായ ഗ്രഹകൻ ഷാജിയുടെ ഗ്രാമീണതയുടെ തന്‍മയത്വമുള്ള ഫ്രെമുകളിലൂടെ ഗ്രാഫിക്‌സിന് അമിതപ്രാധാന്യം നല്‍കാതെ യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടാണ് സിനിമയുടെ അവതരണശൈലി. ഒടിയനിലെ രാത്രികാല ദൃശ്യങ്ങൾ മനോഹരമായി കാമറയിൽ പകർത്താൻ ഛായാ​ഗ്രാഹകന്​ സാധിച്ചിട്ടുണ്ട്. കഥയോടും തിരക്കഥയോടും സാങ്കേതികവിദ്യകൂടി സമന്വയിക്കുമ്പോൾ സിനിമ സംവിധായകന്‍റെ കലയാണെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു. നോണ്‍ലീനിയര്‍ ആഖ്യാനമാണ് സിനിമയ്ക്ക്.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറച്ച് മാണിക്യനെ അന്വർത്ഥമാക്കുന്ന ആകാരമികവോടെയാണ് മോഹൻലാൽ പകർന്നാടിയത്. അതേസമയം പ്രതിനായകനായെത്തുന്ന പ്രകാശ് രാജ് (രാവുണ്ണി )വ്യത്യസ്തമായ ഭാവപ്പകർച്ചകളിലൂടെ പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. മഞ്ജു വാര്യർ(പ്രഭ ) സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചു. സിദ്ദിഖ്, നരേൻ, കൈലാഷ്, നന്ദു, ഇന്നസെന്‍റ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
സംഗീതം ഓടിയനിൽ എടുത്തു പറയേണ്ട ഒരു കാര്യമാണ്.സാം സി ന്‍റെ പശ്ചാത്തല സംഗീതത്തിൽ എം. ജയചന്ദ്രനാണു ഗാനങ്ങൾക്കെല്ലാം ഇൗണം നൽകിയത്. കൊണ്ടോരാം, താങ്കണക്കണ എന്നുതുടങ്ങുന്ന പാട്ടുകള്‍ ഒന്നിനൊന്ന്​ മികച്ചതാണ്​​.പീറ്റര്‍ ഹെയ്‌ന്റെ മുന്‍സിനിമകളുടെ നിലവാരത്തിന് അടുത്തെത്താത ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിലുള്ളത്.

സിനിമ പുറത്തിറങ്ങുന്നതിന്​ മുൻപ് ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നത്​ ഒരു ബ്രഹ്​മാണ്ഡ ചിത്രമായിരിക്കും ഒടിയനെന്നായിരുന്നു. ഇൗ പ്രതീക്ഷയുമായാണ്​ ആരാധകർ തിയേറ്ററുകളിലെത്തിയത്​. എന്നാൽ, അങ്ങിനെയൊരു ചിത്രം പ്രതീക്ഷിച്ചവർക്ക്‌ മുന്നിൽ സാധാരണ ചിത്രം മാത്രമായി ഒടിയൻ മാറി. അവതരണമികവിൽ വന്ന പ്രശ്നങ്ങളാണ് ഇതിനുകാരണം. മലയാള സിനിമയിൽ ഇതുവരെ ആരും പറയാത്ത കഥയാണ് ഒടിയൻമാരുടേത്. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഈ കഥ ഒടിയന്മാരുടെ ചരിത്രത്തെ കുറിച് കൂടുതലൊന്നും പറയുന്നില്ല. മുത്തശ്ശി കഥകളിൽ മൺമറഞ്ഞുപോയ ഒരു മിത്തിനെ പുതിയതലമുറയ്ക്ക് പരിചയപെടുത്തുന്നതാണ് ഒടിയൻ.