പ്രവാസികൾക്ക് ആശ്വാസം: വിസാ നിയമത്തിൽ ഇളവ് വരുത്തി ഒമാന്‍

0

മസ്‌കത്ത്∙ വീസ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍. ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്കും ഒമാനില്‍ തിരികെ എത്താമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ്‌ ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്‍ബി അറിയിച്ചു. ഒമാൻ ദേശിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവിൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത് നിന്നാൽ ഒമാനിലേക്ക് പ്രവേശിക്കാനുള്ള വിസയുടെ സാധുത ഇല്ലാതാകുമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന സ്ഥിര താമസ വിസയുള്ളപ്രവാസികൾക്ക് മടങ്ങി വരാനാവും. കോവിഡ് വ്യാപനത്തിന് തുട്ടുമുന്പു അവധിക്കു നാട്ടിൽപോയി നിലവില്‍ നാട്ടില്‍ കുടങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

ഇതിന് പുറമെ നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദേശികൾക്കും റസിഡന്റ് കാർഡ് പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ ഓഫീസർ മേജർ മുഹമ്മദ് അൽ ഹാഷിമിയും അറിയിച്ചു. റസിഡന്റ് കാർഡ് സ്‍പോൺസറോ സ്ഥാപനമോ ഇലക്ട്രോണിക്‌ രീതിയിൽ പുതുക്കുകയും അതിന്റെ അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം. ചില റസിഡന്റ് വിസകള്‍ പുതുക്കാനുള്ള കാലാവധി മൂന്ന് മാസത്തിന് പകരം ആറ് മാസമാക്കിയും ദീർഘിപ്പിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവർ സ്പോൺസർ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ്‌ ജനറലിനെ സമീപിക്കണം.

നിലവിൽ വിദേശത്തുള്ള, വിസാ കാലാവധി കഴിഞ്ഞവരും ഓൺ‍ലൈൻ മുഖേന വിസ പുതുക്കണം. വിമാനത്താവളം തുറക്കുന്നതനുസരിച്ചു ഒമാനിലേക്ക് തിരിച്ചു വരാൻ സാധിക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒമാനിൽ തിരച്ചെത്തുന്നവരെ സഹായിക്കാനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.വീസ പുതുക്കിയ റസീപ്റ്റ് സ്‌പോണ്‍സര്‍ ജീവനക്കാരന് അയച്ചുകൊടുക്കണം. തിരിച്ച് വരുമ്പോള്‍ വീസ പുതുക്കിയതിന്റെ രേഖയായി ജീവനക്കാരന് വിമാനത്താവളത്തില്‍ ഇതു കാണിക്കാം. നിലവിലെ സാഹചര്യത്തില്‍ മാത്രമായിരിക്കും ഈ സൗകര്യം.