ഇത്തവണത്തെ’ ഓണം ബമ്പര്‍’ ആണ് ബമ്പര്‍ ; സമ്മാനതുക കേട്ടാല്‍ ഞെട്ടും

0

പല ഓണം ബമ്പറുകളും വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഓണം ബമ്പറാണ് ബമ്പര്‍. ഒന്നും രണ്ടുമല്ല സമ്മാനത്തുക പത്തുകോടി. സംസ്ഥാന ലോട്ടറി ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മെഗാ സമ്മാനവുമായാണ് ഓണം ബമ്പർ ഇക്കുറി എത്തുന്നത്. 10 കോടി രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന മഹാഭാഗ്യവാനുള്ള സമ്മാനം. നികുതി അടച്ചശേഷം ഏഴുകോടി രൂപയോളം കയ്യില്‍ കിട്ടുമെന്നു സാരം.ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് ഒരു കോടി രൂപയാണു കമ്മിഷന്‍.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ 10 പേര്‍ക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്കു ലഭിക്കും. സുവര്‍ണ ജൂബിലി തിരുവോണം ബമ്പർ 2017 എന്ന പേരില്‍ പുറത്തിറങ്ങുന്ന ടിക്കറ്റിന് 250 രൂപയാണു വില. ഇതില്‍ 26.79 രൂപ ചരക്കു സേവന നികുതി (ജിഎസ്ടി) ആണ്. 90 ലക്ഷം ടിക്കറ്റുകള്‍ ഘട്ടം ഘട്ടമായി ലോട്ടറി വകുപ്പു പുറത്തിറക്കും. 10 പരമ്പരകളുണ്ടാകും. ഓണം ബമ്പർ വില്‍പ്പനയിലൂടെ 200 കോടി 88 ലക്ഷം രൂപയിലേറെ സമാഹരിക്കും. ഇതില്‍ 63.81 കോടിയാണു സമ്മാനമായി നല്‍കുന്നത്. രണ്ടു മാസത്തോളം വിപണിയിലുണ്ടാകുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20ന് നടക്കും.