നിപയിൽ ആശ്വസം; പുതിയ പോസിറ്റീവ് കേസുകളില്ല

0

കോഴിക്കോട്: സംസ്ഥാനത്ത് നിപ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ടെയ്ൻമെൻ്റ് സോണിൽ ഇളവുകൾ നൽകുമെന്നും മന്ത്രി പറ‍ഞ്ഞു. ആകെ 218 സാമ്പിളുകൾ പരിശോധിച്ചു. സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്. സമ്പർക്ക പട്ടിക വിപുലീകരിക്കാൻ പൊലീസ് സഹായിച്ചിരുന്നു. ഇന്ന് 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറ്റിനറി വിദഗ്ധർ നിപ മേഖലകളിൽ സന്ദർശനം നടത്തി. വിദഗ്ധ സംഘത്തിന്റെ നിർദേശം അനുസരിച്ച് കളക്ടർ ഉത്തരവിറക്കും. ഇന്നും നാളെയുമായി 136 സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആര്‍ആര്‍ടി കൂടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാ ജില്ലകളിലും സര്‍വയലെന്‍സിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കിയെന്നും മന്ത്രി അറിയിച്ചു.