ഓസ്കര്‍ പ്രഖ്യാപനം നാളെ: മികച്ച ചിത്രമാകാന്‍ 10 സിനിമകള്‍

0

94 ാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം നാളെ. കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകസിനിമ വീണ്ടും ഡോൾബി തിയറ്റിൽ ഒന്നിക്കുകയാണ് എന്ന പ്രത്യേകതകൂടി ഈയൊരവസരത്തിനുണ്ട്. 12 നാമനിര്‍ദേശവുമായി ദ പവര്‍ ഓഫ് ദി ഡോഗാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ മൂന്നുതവണ അവതാരകരില്ലാതെ നടന്ന ഓസ്കറില്‍ ഇത്തവണ, മൂന്നു വനിതകളാണ് അവതാരകരായി എത്തുന്നത്.

പരിപാടിയുടെ ദൈർഘ്യവും വിരസതയും ഒഴിവാക്കാനും റേറ്റിംഗ് തിരിച്ചുപിടിക്കാനും അവാർഡ് വിതരണം വെട്ടിച്ചുരുക്കിയതാണ് പ്രധാന പരിഷ്കാരം. 23ൽ 8 പുരസ്കാരങ്ങൾ ലൈവ് തുടങ്ങും മുൻപ് കൈമാറി റെക്കോർഡ് ചെയ്ത് കാണിക്കും. എഡിറ്റിംഗ്, സൗണ്ട്,ഒറിജിനൽ സ്കോർ, മേക്കപ്പ്, പ്രൊഡക്ഷൻഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, ആനിമേഷൻ ഷോർട്ട് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് ചടങ്ങിന് മുൻപ് വിതരണം ചെയ്യുന്നത്. അക്കാദമിയുടെ തീരുമാനത്തെ സ്പിൽബർഗ് അടക്കമുള്ള പ്രമുഖർ ചോദ്യം ചെയ്തുകഴിഞ്ഞു. നീക്കം വിവേചനവും വിവേകശൂന്യവും നീതികേടും ആണെന്നാണ് പരക്കെയുള്ള വിമർശനം.

കൊവി‍ഡ് പ്രോട്ടോക്കോൾ മുറുകെ പിടിച്ചായിരുന്നു കഴിഞ്ഞ അവാർഡ്ദാന ചടങ്ങ്. ഇക്കുറിയും നിയന്ത്രണങ്ങളുണ്ട്.
അതിഥികൾക്കെല്ലാം വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർടിപിസിആർ പരിശോധനയും നിർബന്ധമായും വേണം. പക്ഷേ മാസ്ക് വേണ്ട.

കോവിഡ് ഇടവേളയ്ക്കു ശേഷം തിയറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. സംവിധായിക ജെയ്ൻ കാമ്പ്യന്‍റെ ‘ദ പവര്‍ ഓഫ് ദ ഡോഗ് ‘ 12 നോമിനേഷനുകളുമായി മുന്നില്‍ നില്‍ക്കുന്നു.

57 ഇൽ നാടകമായും 61ഇൽ സിനിമയായും ഇറങ്ങിയ വെസ്റ്റ് സൈഡ് സ്റ്റോറി 21ആം നൂറ്റാണ്ടിൽ സ്റ്റീവൻ സ്പിൽബെർഗിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞവര്‍ഷം സ്ക്രീനിലെത്തി. 94ന് ശേഷം ആദ്യമായി സ്പിൽബെർഗും ജെയിൻ കാമ്പ്യനും ബെസ്ററ് ഡിറക്ടർ പുരസ്‌കാരത്തിനായി ഒരിക്കൽക്കൂടി നേർക്കുനേർ വരുന്നു എന്ന സവിശേഷതയുമുണ്ട്.

മികച്ച നടിയാകാന്‍ മല്‍സരിക്കുന്നത് പ്രഗത്ഭരായ അഭിനേതാക്കളാണ് .നിക്കോൾ കിഡ്‍മാനും ഒലീവീയ കോൾമാനും സ്വപ്‍നം കാണുന്നത് മികച്ച നടിക്കുള്ള രണ്ടാമത്തെ ഓസ്‍കറാണ്. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് നാളെ വില്‍ സ്മിത്തിന്‍റെ ദിവസമാണോ എന്നാണ്. 30 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇനി ഓസ്കര്‍ കൂടിയേ വില്‍ സ്മിത്തിന് കിട്ടാന്‍ ബാക്കിയുള്ളൂ. കിങ് റിച്ചാര്‍ഡ് സിനിമയില്‍ വീനസ് വില്യംസ് സെറീന വില്യംസ് സഹോദരിമാരുടെ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിന്‍റെ വേഷത്തിലാണ് വില്‍ സ്മിത്ത്.ഓസ്കര്‍ ശില്‍പം കയ്യിലേന്തുമോ എന്ന് കാത്തിരിന്നു കാണാം.

ഓസ്കർ പുരസ്‌കാരം നേടുന്ന ആദ്യ സ്പാനിഷ് നടനായ ഹാവിയെർ ബാർദം Being ദി റിക്കാർഡോസ് എന്ന ബയോപിക്കിലൂടെയാണ് ഇക്കുറി നാമനിർദ്ദേശപട്ടികയിൽ ഇടം പിടിച്ചത്. ബാര്‍ദത്തിന്‍റെ ഭാര്യ പെനെലപി ക്രൂസും സ്ക്രീനില്‍ ഭാര്യയായെത്തുന്ന നിക്കോള്‍ കിഡ്മാനും മികച്ച നടിക്കായി മല്‍സരിക്കുന്നു എന്നത് മറ്റൊരു പ്രത്യേകത. ജപ്പാനില്‍ നിന്നുള്ള ചിത്രം ഡ്രൈവ് മൈ കാർ മികച്ച ചിത്രത്തിനായി മല്‍സരിക്കുന്നു.ആദ്യമായാണ് ജപ്പാനില്‍ നിന്നുള്ള സിനിമ മികച്ച സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.