അപ്സ്കര്‍ട്ടിങ്ങ് ഇനി ക്രിമിനൽ കുറ്റം: വിജയം ജീനയുടെ ഒന്നര വര്‍ഷം നീണ്ട പോരാട്ടത്തിന്

1

ഒന്നരവര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ ജീന മാർട്ടിൻ വിജയം കണ്ടെത്തി. അപ്സ്കര്‍ട്ടിങ്ങ് ക്രിമിനൽ കുറ്റമായി പരിഗണിച്ചു.ജീന മാര്‍ട്ടിന്‍ എന്ന യുവതിയുടെ നീണ്ട പോരാട്ടത്തിന്റെ ഫലമായി കഴിഞ്ഞദിവസം എലിസബത്ത് രാജ്ഞി നിയമത്തില്‍ ഒപ്പുവച്ചു.

ബ്രിട്ടനിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു ജീനയുടെ പോരാട്ടം. സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ക്കിടയിലൂടെ രഹസ്യമായി സ്വകാര്യ ശരീരഭാഗങ്ങളുടെ ചിത്രം പകര്‍ത്തുന്നതിനെയാണ് അപ്‌സകര്‍ട്ടിങ് എന്നു പറയുന്നത്.

ബ്രിട്ടനില്‍ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നതും അതിന് ശേഷം അവ ഉപയോഗിക്കപ്പെടുന്നതും വര്‍ധിച്ചിരുന്നു. ജിനയ്ക്കും ഒരിക്കല്‍ ഇത് നേരിടേണ്ടി വന്നു. ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് രണ്ടുപേര്‍ അവരറിയാതെ അവരുടെ സ്വകാര്യ ശരീരഭാഗങ്ങളുടെ ചിത്രം പകര്‍ത്തിയത്. അതോടെയാണ് ഇതിനെതിരെ പോരാടാന്‍ അവര്‍ ഉറപ്പിക്കുന്നത്. അങ്ങനെയാണവര്‍ പോരാട്ടം തുടങ്ങി വെച്ചത്.

സര്‍ക്കാരും പോരാട്ടത്തിനൊപ്പം ചേര്‍ന്നു. ജൂണില്‍ പാര്‍ലിമെന്‍റില്‍ സ്വകാര്യപ്രമേയം അവതരിപ്പിച്ചു.
അപ്സ്കര്‍ട്ടിങ്ങ് കുറ്റം ചെയ്യുന്നവർക്ക് ഇനിമുതല്‍ ബ്രിട്ടനില്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററില്‍ അവരുടെ പേരു ചേര്‍ക്കുകയും ചെയ്യും.

വോയേറിസം ബില്‍ എന്നാണ് നിയമം അറിയപ്പെടുന്നത്. ഇപ്പോള്‍ രാജ്ഞി കൂടി ഒപ്പുവെച്ചതോടെ ഇതിന് രാജകീയ അംഗീകാരവും ലഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ വോയേറിസം ബില്‍ പ്രാബല്യത്തില്‍ വരും.

ഇതുവഴി ബ്രിട്ടനിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താനാകുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പത്രക്കുറിപ്പില്‍ അറിയിക്കുന്നു. ഇരകളുടെ പരാതികള്‍ ഇനി അതീവ ഗൗരവത്തോടെയായിരിക്കും പരിഗണിക്കുക. അതുകൊണ്ടു തന്നെ ലൈംഗിക വൈകൃതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ശിക്ഷ തന്നെ കിട്ടാം.