പ്രണയഹത്യകൾ ചികിത്സ ആവശ്യമായ മനോവൈകല്യം

0

മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ 2 ലോകഅഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഹിംസ മൃഗങ്ങളുടെ ഭാഷയാണെന്നും അഹിംസയാണ് മനഷ്യൻ്റെ ഭാഷയെന്നും ലോകത്തെ പഠിപ്പിച്ച മഹാത്മജിയെ അഹിംസയുടെ മഹത്വത്തിലുടെ തന്നെയാണ് സ്മരിക്കേണ്ടതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നമ്മുടെ കേരളം പ്രണയഹത്യയുടെ ഭീഭത്സമായ വാർത്തകളും ചിത്രങ്ങളുമായാണ് ഈ അഹിംസാ ദിനത്തെ സ്വീകരിച്ചിട്ടുള്ളത്. തന്നോടുള്ള പ്രണയത്തിൽ കുറവു വന്നിട്ടുണ്ടെന്ന സംശയത്തിൽ ഒന്നിച്ചു പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയെ മൃഗീയമായി കഴുത്തറുത്ത് കൊന്നുവെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് ശ്രവിച്ചിട്ടുള്ളത്.

ഇത് ഇപ്പോൾ കേരളത്തിന് ഒരു പുതുമയുള്ള വാർത്തയോ സംഭവമോ അല്ലാതായിത്തീർന്നിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏഴ് പ്രണയ കൊലപാതകങ്ങൾ കേരളത്തിൽ നടന്നുവെന്ന റിയുമ്പോൾ നമുക്ക് എന്ത് പറ്റി എന്ന് ഗഹനമായി പരിശോധിക്കേണ്ടത് തന്നെയാണ്. വിദ്യാഭ്യാസമുള്ള യുവാക്കളാണ് ഇത്തരം ക്രൂരകൃത്യത്തിന് തുനിയുന്നത് എന്നത് ആശ്ചര്യകരം തന്നെയാണ്. പ്രണയത്തിൻ്റെ അർത്ഥവും വ്യാപ്തിയും അറിയാത്തവരാണ് ഇങ്ങിനെ പൈശാചികമായ കൊടും ക്രൂരതകൾ നടത്തുന്നത്. ആരോഗ്യകരമായ വിദ്യാഭ്യാസത്തിൻ്റെ അഭാവം തന്നെയാണ് യുവാക്കളെ മനോരോഗികളാക്കി മാറ്റിത്തീർക്കുന്നത്. അനശ്വരമായ പ്രണയകഥകളും കാവ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു മലയാള സാഹിത്യം’ ബാല്യകാല സഖിയും രമണനും ഏതൊരു മലയാളിയുടെ മനസ്സിലും സ്നേഹത്തിൻ്റെ വറ്റാത്ത ഉറവകൾ തന്നെയാണ് കാണിച്ചു കൊടുത്തിരുന്നത്.

കൗമാരത്തിൻ്റെ കാല്പനികതയിൽ പ്രണയസാഫല്യത്തിനായി ജീവത്യാഗം ചെയ്യുന്ന കമിതാക്കമായിരുന്നു ഇന്നലെകളിലെ പ്രണയകഥകളിലെ ജീവബിന്ദുക്കൾ. എന്നാൽ ഇന്ന് പ്രണയം സംസാരിക്കുന്നത് കൊലപാതകത്തിൻ്റെ നിഷ്ഠൂരമായ ഭാഷയിലാണെന്നത് ദയനീയമായ ദുരന്തം തന്നെയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടു പോയെന്ന് കരുതി ആത്മഹത്യയെ അഭയം പ്രാപിക്കുന്നവൻ്റെ വഴിയിൽ ജീവിതത്തിൻ്റെ രജതരേഖകൾ കാണിച്ചു കൊടുത്ത പ്രകാശം പരത്തുന്ന പെൺകുട്ടിയെ വായിക്കുന്ന ചെറുപ്പക്കാർക്ക് എങ്ങിനെയാണ് കൊലപാതകികൾ ആയി മാറാൻ കഴിയുന്നതെന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. പ്രണയം ഹിംസയല്ലെന്ന് കേരളീയ യുവത്വം തിരിച്ചറിയാനുള്ള വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മനോവൈകല്യമില്ലാത്തവരായി യുവതയെ മാറ്റിയെടുക്കേണ്ടത് അനിവാര്യമായ, കാലഘട്ടത്തിൻ്റെ ആവശ്യമായി പരിഗണിക്കേണ്ടതുണ്ട്.