സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ്: മുഖ്യപ്രതി പ്രവീൺ റാണ കോയമ്പത്തൂരിൽ പിടിയിൽ

0

തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.

ഇയാളെ കേരത്തിലേക്ക് കൊണ്ടു വരികയാണ് എന്നാണ് വിവരം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ ഒളിവിൽ പോയതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നേപ്പാൾ അതിര്‍ത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുകളെയെല്ലാം ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ , ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളിൽ താൻ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കന്പനികളാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഷെയറുകളുടെ രൂപത്തിൽ നിക്ഷേപ സമാഹരണത്തിനുളള വഴിയായിരുന്നു ഇതെല്ലാം. കൊച്ചിയിലെ ഫ്ലൈ ഹൈ ബാറിലെ നേരിട്ടുളള നിക്ഷേപത്തിൽ നിന്ന് റാണ പിൻമാറിയത് പൊലീസ് പരിശോധിക്കുന്നുണ്ട്. ബെനാമി നിക്ഷേപ സാധ്യതകളുടെ കണക്കുമെടുക്കുന്നുണ്ട്. എന്നാൽ പബ് അടക്കമുളള കേരളത്തിലെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്‍റെ സകല പിന്തുണയും ഉണ്ടായിരുന്നെന്നാണ് റാണ നിക്ഷേപകരോട് അവകാശപ്പെട്ടിരുന്നത്.

അതേസമയം സേഫ് ആൻറ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പിൽ പൊലീസ് കേസുകൾ പിൻവലിപ്പിക്കാനും നീക്കം നടന്നിരുന്നു. പരാതി പിൻവലിച്ചാൽ ചെക്കുകൾ നൽകാമെന്നായിരുന്നു പ്രതി പ്രവീൺ റാണയുടെ വാഗ്ദാനം. ഇടനിലക്കാരാണ് ഇക്കാര്യം ചില നിക്ഷേപകരെ അറിയിച്ചത്. പ്രവീൺ റാണ ജയിലിൽ പോയാൽ നയാ പൈസ കിട്ടില്ലെന്നും ഇടനിലക്കാർ പരാതിക്കാരെ അറിയിച്ചിട്ടുണ്ട്.