പ്രിയങ്ക റായ്ബറേലിയിൽ, രാഹുൽ വയനാട്ടിലും അമേഠിയിലും മത്സരിക്കും

0

ന്യൂഡൽഹി: രാഹുൽ വയനാട്, അമേഠി മണ്ഡലങ്ങളിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്ന് റിപ്പോർ‌ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക തയാറാക്കുന്ന തിരക്കിലാണ് കോൺഗ്രസ്. വ്യാഴാഴ്ച ആദ്യഘട്ട പട്ടിക പുറത്തു വിട്ടേക്കാം. ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റായ റായ്ബറേലിയിൽ ഇതു വരെ സോണിയാ ഗാന്ധിയാണ് മത്സരിച്ചിരുന്നത്.

ഇത്തവണ സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ റായ്ബറേലിയിൽ പ്രിയങ്ക സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രിയങ്കയുടെ ആദ്യസ്ഥാനാർഥിത്വം കോൺഗ്രസിന് ഉറപ്പുള്ള മണ്ഡലത്തിൽ നിന്നു തന്നെയായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പായിരുന്നു. റായ്ബറേലിയിലെ സ്ഥാനാർ‌ഥിയെ ബിജെപി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.

കോൺഗ്രസിന്‍റെ മറ്റൊരു ഉരുക്കു കോട്ടയായിരുന്ന അമേഠി കഴിഞ്ഞ തവണ ബിജെപി പിടിച്ചടക്കിയിരുന്നു. ഇത്തവണയും അമേഠിയിൽ സ്മൃതി ഇറാനി തന്നെയാണ് ബിജെപിയുടെ സ്ഥാനാർഥി.