ഹവീല്‍ദാര്‍ വസന്ത് കുമാറിന് ജന്മനാടിന്‍റെ യാത്രാമൊഴി

0

ലക്കിടി: പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്ത് കുമാറിന്‍റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.

ലക്കിടിയിലെ സമുദായ ശ്മശാനത്തിലാണ് സര്‍ക്കാര്‍ ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചത്. രാത്രി പത്തോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. തൃക്കെപ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ട്രീയ നേതാക്കളെ കൂടാതെ ആയിരക്കണക്കിന് പേരാണ് വീരമൃത്യു വരിച്ച ധീരജവാന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

സിആർപിഎഫിന്റെ പ്രത്യേക വാഹനത്തിൽ വിലാപയാത്രയായിട്ടാണ് വയനാട്ടിലേക്ക് ഭൗതികദേഹം കൊണ്ടു പോയത്. വയനാട്ടിലെ ലക്കിടിയിലേക്കുള്ള വിലാപയാത്രക്കിടെ പലയിടത്തും വിലാപയാത്ര നിർത്തിവച്ച് ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകിയിരുന്നു.

ആറ് മണിയോടെ ലക്കിടിയിലെ വസന്ത് കുമാറിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വീടിനകത്തേക്ക് മൃതദേഹം കൊണ്ടു വന്നപ്പോൾ അടുത്ത ബന്ധുക്കളേയും അപൂർവ്വം ചില കുടുംബസുഹൃത്തുകളേയും മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.