ദേഷ്യം കൊണ്ട് ആരെയെങ്കിലും ഇടിച്ച് പപ്പടമാക്കാൻ തോന്നുന്നുണ്ടോ?; എങ്കിലിതാ ഒരു സുവർണാവസരം

0

ന്യൂയോർക്: ജീവിതത്തിൽ, അല്ലെങ്കിൽ ജോലിസംബന്ധമായ കാര്യങ്ങളിൽ പിരിമുറുക്കം വരുമ്പോൾ കണ്ണികണ്ടതൊക്കെ തട്ടിത്തെറിപ്പിക്കാനും ദേഷ്യം തോന്നിയവന്റെ മൂക്കിടിച്ച് ചമ്മന്തിയാക്കാനും നമ്മളിൽ പലർക്കും പലപ്പോഴും തോന്നാറുണ്ടാവും. അതിനായി ഒരു പഞ്ചിങ് ബാഗ് കിട്ടിയിരുന്നെങ്കിൽ എന്നുനാം കൊതിച്ചിട്ടില്ലേ …അത്തരത്തിൽ ആളുകൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ന്യൂയോർക്കിൽനിന്ന് പുറത്ത് വരുന്നത്.

ആളുകൾക്ക് ഇടിച്ച് നിരപ്പാക്കാനായി തെരുവോരങ്ങളിൽ പഞ്ചിങ് ബാ​ഗ് സ്ഥാപിച്ചിരിക്കുകയാണ് യുഎസ് ഡിസൈൻ സ്റ്റുഡിയോ. മൻഹട്ടൻ തെരുവിലെ താമസക്കാർക്കായി ഡോൺഡ് അറ്റാക്ക് ​ദിസ് ഈസ് ദ റോങ് വെ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡിസൈൻ സ്റ്റുഡിയോ പഞ്ചിങ് ബാ​ഗ് സ്ഥാപിച്ചത്.

ജോലി സ്ഥലങ്ങളിൽ ഉൾപ്പെടെ നമ്മൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഇടിച്ച് തീർക്കുന്നതിനായാണ് ന​ഗരത്തിൽ പഞ്ചിങ് ബാ​ഗുകൾ‌ സ്ഥാപിച്ചതെന്ന് സംഘടന വ്യക്തമാക്കി. പഞ്ചിങ് ബാ​ഗുകളിൽ ഇടിക്കുമ്പോൾ ആളുകളുടെ വികാരങ്ങൾക്ക് ഒരുപരിധിവരെ ശമനമുണ്ടാകുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.