ഖത്തറിലെ സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

0

ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ദോഹയിലെ ഇന്ത്യൻ എംബസിയുടെയും ഖത്തറിലെ ഇന്ത്യൻ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇന്നലെയാണ് കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷിൻറെ മകൾ മിൻസ സ്കൂൾ അടച്ചിട്ട സ്കൂൾ ബസിനുള്ള ശ്വാസം മുട്ടി മരിച്ചത്. സംഭവത്തിൽ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടപ്പെട്ടത്. അൽ വക്രയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമം.

രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.