ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്‍റൈൻ ഒഴിവാക്കി

0

ന്യൂഡല്‍ഹി: ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈൻ സംവിധാനം നിർത്തലാക്കി. 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. കൊവിഡ് പോസി‌റ്റീവായാല്‍ മാത്രം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതി. ഫെബ്രുവരി 14 മുതല്‍ പുതിയ ചട്ടങ്ങള്‍ നിലവില്‍ വരും.

സ്വയം നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം. എന്നാല്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപത്രം സമര്‍പ്പിക്കണം. യാത്രാ തീയതിയ്‌ക്ക് 72 മണിക്കൂര്‍ മുന്‍പുള‌ള ആര്‍ടിപിസിആര്‍ ഫലവും നാല് ദിവസത്തെ യാത്രാ വിവരവും അപ്‌ലോഡ് ചെയ്‌തിരിക്കണം.

വിദേശത്ത് നിന്നും എത്തുന്നവര്‍ ഏഴ് ദിവസം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയാനും തുടര്‍ന്ന് എട്ടാം ദിവസം കൊവിഡ് പരിശോധന നടത്താനുമുള‌ള കഴിഞ്ഞ മാസം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഇതോടെ പിന്‍വലിക്കുന്നത്.

82 രാജ്യങ്ങളില്‍ നിന്നുള‌ളവര്‍ക്കാണ് പുതിയ നിര്‍ദ്ദേശം. യു.കെ, കാനഡ,അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, ഖത്തര്‍,ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള‌ള യാത്രക്കാര്‍ വാക്സിനേഷൻ പൂർത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്‌താല്‍ മതിയെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.