മാസ്ക് നാനും കൊവി‍ഡ് കറിയും; വൈറലായി കൊവിഡ് തീം ഭക്ഷണങ്ങൾ

1

ജോധ്പുര്‍: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഭക്ഷണത്തിൽ പുത്തൻ അഭ്യാസവുമായി രാജസ്ഥാനിലെ ഒരു ഹോട്ടൽ. രണ്ട് പുതിയ വിഭവങ്ങലാണ് ഹോട്ടലുകാർ പുറത്തിറക്കിയിരിക്കുന്നത്. സ്‌പെഷ്യല്‍ ‘കോവിഡ് കറി’യും ‘മാസ്‌ക് നാനും’. ഇതാണ് പുതുതായി പുറത്തിറക്കിയ പുതിയ ഐറ്റം. വേദിക് എന്ന വെജിറ്റേറിയൻ ഹോട്ടലാണ് ഈ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഈ രണ്ട് വിഭവങ്ങളുടെയും ചിത്രമുൾപ്പെടെയാണ് വേദിക് അവരുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ് മാസ്കിന്റെ രൂപത്തിലാണ് നാൻ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ മാതൃകയാണ് കറിക്ക്. വറുത്തെടുത്ത വെജിറ്റബിള്‍ ബോളുകള്‍ക്ക് കൊറോണവൈറസിന്റെ ആകൃതിയാണ്. .കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണമായിട്ടാണ് ഈ വ്യത്യസ്ത വിഭവങ്ങളെന്ന് വേദിക് റസ്റ്റോറന്റ് ഉടമകൾ വ്യക്തമ ക്കുന്നു.

‘മാസ്ക് നാനിനൊപ്പം കൊവിഡ് കറി വിളമ്പുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കൊവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവർ എന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.’ വേദിക് അവരുടെ ട്വിറ്റർ കുറിപ്പിൽ പറയുന്നു. കൊവിഡ് കറി, മാസ്ക് നാൻ എന്നീ ഹാഷ്​ടാ​ഗുകളും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് ഈ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നതും റിട്വീറ്റ് ചെയ്തിരിക്കുന്നതും.

നിരവധി ആളുകൾ ട്വിറ്ററിൽ ഈ പ്രത്യേക വിഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യൻ വിഭവമാണെങ്കിലും ലോകമൊട്ടാകെ വൈറലായിരിക്കയാണ് മാസ്‌ക് നാനും കൊറോണ കറിയും.