യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ?

0

ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.

യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സർവീസ് ചാർജ് ഈടാക്കാം’- ആർബിഐ ഡിസ്‌കഷൻ പേപ്പറിൽ പറയുന്നു.

800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആർബിഐ നിരത്തുന്ന കണക്ക്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ മെതേഡ് യുപിഐ ആണ്. പ്രതിമാസം ആകെമൊത്തം 10 ട്രില്യൺ മൂല്യം വരുന്ന 6 ബില്യൺ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.