ചക്ക നിര്‍ജലീകരിച്ചു സൂക്ഷിക്കാന്‍ ഇനി പ്രിസര്‍വേറ്റീവ് വേണ്ട: പുതുവഴികളുമായി ‘ചക്കക്കൂട്ടം’

0

കൊല്ലം: പത്തുലക്ഷം ടണ്‍ ചക്ക ഓരോ വര്‍ഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണക്ക്. ഇത് നഷ്ടപ്പെടാതെ സൂക്ഷിച്ചാല്‍ നാളെയുടെ ഭക്ഷണമാക്കിമാറ്റാമെമെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൊല്ലം വെളിയത്തെ തപോവന്‍ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ചക്കക്കൂട്ടത്തിലെ ചൂടുള്ള ചര്‍ച്ചകളിലൊന്ന് അതായിരുന്നു.

ചക്കയിലെ ജലാംശംമാറ്റി സൂക്ഷിക്കാനുള്ള ഡ്രൈയറുകള്‍ രംഗത്തെത്തിയിരിക്കുന്നു. ഇലക്ട്രിക്കല്‍ ഡ്രൈയറും വിറകുപയോഗിക്കുന്ന ഡ്രൈയറുകളുമുണ്ട്. ചക്കയരിഞ്ഞ് ഇതിതിലിട്ട് ഉണക്കിസൂക്ഷിച്ചാല്‍ പിന്നീട് ആവശ്യംവരുമ്പോള്‍ വെള്ളത്തിലിട്ടാല്‍ മതി. പ്രിസര്‍വേറ്റീവ് വേണ്ട. ചക്കയുടെ തനതു രുചിയോടെതന്നെ ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്ന് തപോവന്റെ ഉടമയും അഭിഭാഷകനുമായ വെളിയം രാജീവ് പറഞ്ഞു.

പച്ചച്ചക്കയും ഇങ്ങനെ ഉണക്കി പിന്നീട് ചക്കപ്പുഴുക്കുണ്ടാക്കാന്‍ ഉപയോഗിക്കാം. ചക്കക്കുരുവും ഉണക്കിസൂക്ഷിക്കാം. പൊടിയായും സൂക്ഷിക്കാം. ഈ പൊടി കാപ്പിപോലെ കലക്കിക്കുടിക്കാം. കഫീന്‍ ഇല്ലാത്ത ആരോഗ്യകരമായ കാപ്പി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചക്കക്കുരു പൊടിയുടെ ചമ്മന്തിയും ചക്കപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ്.

”2050 ആകുമ്പോള്‍ ഇന്നുണ്ടാക്കുന്ന ആകെ ഭക്ഷണത്തിന്റെ 60 ശതമാനംകൂടി ആവശ്യമായിവരും. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 10 ലക്ഷം ടണ്‍ ചക്കയുടെ ഓണ്‍ലൈന്‍ പ്രൊമോട്ടറും ജാക്ഫ്രൂട്ട് വേള്‍ഡ് എന്ന ആപ്‌ളിക്കേഷന്‍ അവതരിപ്പിച്ചയാളുമായ ജോയ്സ് റാന്നി പറയുന്നു.

ഉണക്കി മാത്രമല്ല ഫ്രീസ് ചെയ്തു സൂക്ഷിക്കാനുള്ള ശാസ്ത്രീയമാര്‍ഗങ്ങളും ഇപ്പോഴുണ്ട്. റിട്ടോര്‍ട്ട് പാക്കിങ് രീതിയും ഉണ്ട്. ചെലവു കൂടുമെന്നതാണ് പ്രശ്‌നം. നമ്മുടെ സാമ്പത്തികാവസ്ഥയില്‍ ഡ്രൈയറുകളാണ് താങ്ങാനാകുക.” ശാസ്ത്രീയമായ കൃഷിയിലൂടെ ഉത്പാദനവും ലാഭവും വര്‍ധിപ്പിക്കാം. കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യമായ പരിഗണനയും ലഭിക്കും. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കാര്‍ഷികരംഗം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ചക്കപ്രേമികളുടെ കൂട്ടായ്മ ഈ ലക്ഷ്യത്തോടെയാണ് പുതിയ ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിക്കുന്നത്. പ്ലാവ് പ്ലാന്റേഷനിലേക്ക് കൂടുതല്‍പേര്‍ കടന്നുവരുന്നതിന്റെ സൂചനകളും ‘ചക്കക്കൂട്ട’ത്തില്‍ കണ്ടു.