വീണ്ടും കിടിലൻ ടെക്നോളജി വിപ്ലവത്തിനൊരുങ്ങി ജിയോ…!

0

വീണ്ടും രാജ്യത്തെ ഏറ്റവും വലിയ വിപ്ലവത്തിനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ ജിയോ ബ്രോഡ്ബാൻഡ്. ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) എന്നാണ് ഈ ടെക്നോളജി വിപ്ലവത്തിന്‍റെ പേര്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. 1600 നഗരങ്ങളിലായാണ് ജിയോയുടെ ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) വരുന്നത്. 100 എംബിപിഎസ്, 50 എംബിപിഎസ് കണക്ഷനുകളാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്.

ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിയാണ് ജിയോ ബ്രോഡ്ബാൻഡ് ആദ്യമായി പരിചയപ്പെടുത്തിയത്. അന്ന് പറഞ്ഞത് 1100 നഗരങ്ങളിൽ നിന്ന് അഞ്ചു കോടി വരിക്കാരെ ലക്ഷ്യമിടുന്നുവെന്നാണ്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ തന്നെ നൂറോളം നഗരങ്ങളിൽ ജിയോ എഫ്ടിടിഎച്ച് സർവീസ് ടെസ്റ്റിങ് നടക്കുന്നുണ്ട്.

ഏതാനും ആഴ്ചകൾക്കുള്ളിൽ ജിയോ ഗിഗാഫൈബർ തുടങ്ങിയേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഗിഗാ ഫൈബറിന്റെ വാണിജ്യ വിതരണത്തിനു ജിയോ ഇൻഫ്രാസ്ട്രക്ചർ മികച്ചരീതിയിൽ തയ്യാറാക്കുന്നുണ്ട്. കൂടാതെ ജിയോ ഗിഗാഫൈബർ വിപണി തയാറാക്കാനും പ്രതിമാസ അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കമ്പനിക്ക് മറ്റൊരു വർഷം എടുക്കുമെന്നാണ് അറിയുന്നത്.

പ്രിവ്യൂ ഓഫറിന്റെ ഭാഗമായി ജിയോ ഗിഗാഫൈബർ ധാരാളം മേഖലകളിൽ ലഭ്യമാണെങ്കിലും വാണിജ്യ ലഭ്യതയെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. 100 എം‌ബി‌പി‌എസ് അല്ലെങ്കിൽ‌ 50 എം‌ബി‌പി‌എസ് വേഗം വേണോ എന്നതിനെ ആശ്രയിച്ച് 4500 രൂപ അല്ലെങ്കിൽ 2500 രൂപ ഫീസ് നൽകിയാൽ ജിയോ ഗിഗാഫൈബർ സൗജന്യമായി ലഭ്യമാണ്. ജിയോ ഗിഗാഫൈബർ വാണിജ്യപരമായി എപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ കമ്പനിപുറത്തുവിട്ടിട്ടില്ല.

നിലവിൽ ഉപയോക്താക്കൾക്ക് 2,500 രൂപ അടച്ചാൽ ( തിരികെ നൽകാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്) ഗിഗാഫൈബറിന്റെ സേവനം ഫ്രീയായി ലഭിക്കും. 50 എം‌ബി‌പി‌എസ് വരെ വേഗമുള്ള സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ ആണ് ഈ പ്ലാനിൽ ഓഫർ ചെയ്യുന്നത്. പ്രതിമാസം 1100 ജിബി ഡേറ്റ വരെ ഈ പ്ലാനിൽ ഉപയോഗിക്കാം

ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ റിലയൻസ് ഗിഗാ ഫൈബറിന്റെ വാണിജ്യ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വർഷവും പുതിയ സേവനങ്ങളും ഉൽപന്നങ്ങളും പ്രഖ്യാപിക്കുന്ന റിലയൻസ് പ്രോഗ്രാമായ എജിഎം ജൂലൈ 20 നാണെന്നാണ് സൂചന.