വിയ്യൂര്‍ ജയിലില്‍നിന്ന് ഇനി നമ്മുടെ തീൻമേശയിലേക്ക്, തൂശനിലയിട്ടൊരു ചൂടന്‍ കോഴിബിരിയാണി റെഡി!

0

കോഴിബിരിയാണിയും മറ്റു വിഭവങ്ങളും തൂശനിലയും അടങ്ങുന്ന ബിരിയാണിസദ്യ ഓണ്‍ലൈന്‍ ആവശ്യക്കാരുടെ വീട്ടിലെത്തിക്കാന്‍ ഒരുങ്ങുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ബിരിയാണിക്കൊപ്പം പൊരിച്ച കോഴിയും കോഴിക്കറിയും ചപ്പാത്തിയും അടങ്ങുന്ന ‘ഫ്രീഡം കോമ്പോ’ പാക്കറ്റിന് 127 രൂപയാണ് വില. വ്യാഴാഴ്ച മുതല്‍ ഭക്ഷണം ഓണ്‍ലൈന്‍ വഴി ലഭിച്ച് തുടങ്ങും.

ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയുടെയും കറികളുടെയും പലഹാരങ്ങളുടെയും ചുവടുപിടിച്ചാണ് ബിരിയാണിസദ്യയും എത്തുന്നത്. എന്നാല്‍, ജയില്‍കവാടത്തിലെ കൗണ്ടറിലോ വിപണനവണ്ടിയിലോ ഇത് കിട്ടില്ല. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റിലൂടെ മാത്രമേ ലഭിക്കൂ.

300 ഗ്രാം ചിക്കൻ ബിരിയാണി ഒപ്പം പൊരിച്ച കോഴിക്കാല്‍, കോഴിക്കറി, സലാഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പി വെള്ളം. മധുരത്തിനായി ഒരു കപ്പ് കേക്കും ‘ഫ്രീഡം കോംബോ’ ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി.

തുടക്കത്തില്‍ ആറ് കിലോമീറ്റര്‍ പരിധിയിലുളളവര്‍ക്കാണ് ഭക്ഷണം ലഭിക്കുക. ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിക്കും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും വൻ ഡിമാൻഡായതിന്‍റെ ചുവട് പിടിച്ചാണ് ഓണ്‍ലൈൻ വഴിയും ഭക്ഷണമെത്തിക്കാൻ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. രാജ്യത്തെ ജയിലുകളില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം എന്നാണ് അധികൃതര്‍ പറയുന്നത്.