കൊല്ലത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

0

കൊല്ലം: കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ 4.30 നാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായി മറിഞ്ഞു.

ആംബുലന്‍സിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാന്‍ കാരണമായത്. പെട്ടന്ന് തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.