രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഗള്‍ഫിലെ മലയാളികള്‍ക്ക് ആശ്വാസകരമായപ്പോള്‍ എന്തുകൊണ്ടാണ് സിംഗപ്പൂര്‍ മലയാളികള്‍ക്ക് വലിയ പ്രയോജനം നല്‍കാതെ പോയത് ?

0

സിംഗപ്പൂര്‍ : ഇന്ത്യയിലെ മിക്ക പത്രങ്ങളിലെയും ഈ ദിവസങ്ങളിലെ പ്രധാന വാര്‍ത്തയാണ് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അതുമൂലം പ്രവാസികള്‍ക്കുണ്ടായ ഗുണങ്ങളും.ഖത്തര്‍ റിയാലും , ദിര്‍ഹവും റെക്കോര്‍ഡുകള്‍ ഭേദിച്ചു 20 രൂപയോട്‌ അടുക്കുമ്പോള്‍ ലോകത്തിന്‍റെ മറ്റൊരു കോണിലുള്ള സിംഗപ്പൂരിലെ മലയാളികള്‍ നിരാശരാണ്.സിംഗപ്പൂര്‍ ഡോളറിന് 52 രൂപ എന്ന വിനിമയനിരക്കിലേക്ക് എത്തിയത് ആശ്വാസകരമാണെന്ന് പറയാമെങ്കിലും ഈ നിരക്ക് ഒരു സര്‍വകാലറെക്കോര്‍ഡ് ആയി മാറിയിട്ടില്ല .2013-ല്‍ 53.275 എത്തിയ വിനിമയനിരക്കിന്റെ പിറകിലാണ് ഇപ്പോഴത്തെ നിരക്ക് .2013-ല്‍ അമേരിക്കന്‍ ഡോളര്‍ 68.805 രൂപയിലെത്തിയപ്പോള്‍ ലഭിച്ച 53 രൂപ പോലും അമേരിക്കന്‍ ഡോളര്‍ 72.10 കടന്ന ഈ നാളുകളില്‍ സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ക്ക് ലഭിക്കാത്തതെന്താണ് എന്ന ചോദ്യമാണ് പലരുടെയും മനസ്സില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അമേരിക്കന്‍ ഡോളറിനെതിരെ രൂപയ്ക്ക് വിലയിടിവ് ഉണ്ടായാല്‍ അത് എല്ലാ പ്രവാസികള്‍ക്കും അത്ര സഹായകമാവുകയില്ല എന്നതിന്‍റെ തെളിവാണ് ഈ കണക്കുകള്‍, മറിച്ചു ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള 18-ഓളം രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം നേരിട്ട് ലഭിക്കുക.മറ്റുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇതിന്‍റെ ഗുണം വലിയ തോതില്‍ പ്രതിഫലിക്കില്ല.
2013-ലെ കണക്കുകള്‍ പ്രകാരം ഒരു അമേരിക്കന്‍ ഡോളറിന് 1.26 സിംഗപ്പൂര്‍ ഡോളര്‍ എന്ന നിരക്കിലെ കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ ഒരു സിംഗപ്പൂര്‍ ഡോളറിനു 57.22 രൂപ ലഭിക്കേണ്ട സ്ഥാനത്താണ് വെറും 52 രൂപയിലേക്ക് മാത്രമായി ആ കണക്കുകള്‍ ചുരുങ്ങിയത്.അതിന്‍റെ കാരണം സിംഗപ്പൂര്‍ ഡോളര്‍ അമേരിക്കന്‍ ഡോളറുമായി 1.38 എന്ന ദുര്‍ബലമായ നിരക്കിലാണു ഇപ്പോള്‍ വിനിമയം നടത്തുന്നത്.അതായതു സിംഗപ്പൂര്‍ ഡോളര്‍ മാര്‍ക്കെറ്റിനനുസരിച്ചു ഒഴുകി നടക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള കറന്‍സിയാണ്.എന്നാല്‍ ഗള്‍ഫില്‍ കുവൈറ്റ്‌ ഒഴിച്ചുള്ള മിക്ക രാജ്യങ്ങളും അവരുടെ കറന്‍സിയെ അമേരിക്കന്‍ ഡോളറുമായി അടിസ്ഥാനപ്പെടുത്തിയാണ് മൂല്യം സ്ഥിരപ്പെടുതുന്നത്.അതായത് 1997 മുതല്‍ ഒരു അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ 3.67 ദിര്‍ഹം ലഭിക്കും.ഈ വിനിമയനിരക്കില്‍ യാതൊരു മാറ്റവും ഉണ്ടാകുകയില്ല.അമേരിക്കന്‍ ഡോളറിന്‍റെ മൂല്യത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും ഈ നിരക്ക് സ്ഥിരമായിരിക്കും. ഇതാണ് ഗള്‍ഫിലെ പ്രവാസികള്‍ക്ക് ലഭിച്ച ഗുണം സിംഗപ്പൂരിലെ പ്രവാസികള്‍ക്ക് ലഭിക്കാതെ പോയതിനുള്ള കാരണം.

1985 കാലയളവില്‍ സിംഗപ്പൂര്‍ ഡോളറും ഇപ്രകാരം അമേരിക്കന്‍ ഡോളറുമായി സ്ഥിരപ്പെടുത്തിയിരുന്നു.എന്നാല്‍ പില്‍ക്കാലത്ത് അത് നിര്‍ത്തലാക്കുകയായിരുന്നു.ഇത്തരത്തില്‍ മൂല്യം സ്ഥിരപ്പെടുത്താന്‍ പ്രസ്തുതരാജ്യത്തിന്‌ ധാരാളം കയറ്റുമതി അമേരിക്കയുമായി ഉണ്ടായിരിക്കണം.അതുമൂലം ധാരാളം ഡോളര്‍ ആ രാജ്യത്തിനു ലഭിച്ചാല്‍ മാത്രമേ ഈ ഒരു നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.ഗള്‍ഫ് രാജ്യങ്ങള്‍ ധാരാളം പെട്രോളിയം ഉള്‍പ്പെന്നങ്ങള്‍ കയറ്റിയയ്ക്കുകയും പകരം ഡോളര്‍ വാങ്ങുകയും ചെയ്യുന്നു.കൂടാതെ രാജ്യം വന്‍തോതില്‍ റിസര്‍വ് ഫണ്ട് ഡോളറില്‍ സൂക്ഷിക്കുകയും ചെയ്യണം .എന്നാല്‍ ഇത്തരത്തില്‍ വന്‍തോതില്‍ റിസര്‍വ് ഫണ്ട് സൂക്ഷിക്കുന്നത് നാണയപ്പെരുപ്പം ഉണ്ടാകാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.എന്നാല്‍ കറന്‍സിയ്ക്ക് മൂല്യമുള്ള രാജ്യങ്ങള്‍ മൂല്യം സ്ഥിരപ്പെടുത്തിയ രാജ്യങ്ങളില്‍ നിക്ഷേപിക്കുവാന്‍ ധൈര്യമായി മുന്നോട്ടുവരുമെന്ന ഗുണവും ഈ വ്യവസ്ഥ പ്രദാനംചെയ്യുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുമായി നല്ല രീതിയില്‍ വാണിജ്യബന്ധം പുലര്‍ത്തുന്ന സിംഗപ്പൂര്‍ അത് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സിംഗപ്പൂര്‍ ഡോളര്‍ ഒരു പരിധിയില്‍ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കുന്നുണ്ട്.അതുകൊണ്ട് വരുന്ന വര്‍ഷങ്ങളിലൊന്നും സിംഗപ്പൂര്‍ ഡോളര്‍ അമേരിക്കന്‍ ഡോളറിനെതിരെ ശക്തി പ്രാപിക്കാന്‍ സാധ്യതയില്ല.സിംഗപ്പൂര്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഈ നയം കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സിംഗപ്പൂരില്‍ പണം നിക്ഷേപിക്കാന്‍ ലക്‌ഷ്യം വച്ചുള്ളതാണ്.

ഈ നയം പിന്തുടരുന്നത് സിംഗപ്പൂരിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്ലൊരു സൂചനയല്ല.2020 ആകുമ്പോഴേക്കും അമേരിക്കന്‍ ഡോളര്‍ -സിംഗപ്പൂര്‍ ഡോളര്‍ വിനിമയനിരക്ക് 1.50 എത്തിയേക്കാം .അതായത് അമേരിക്കന്‍ ഡോളര്‍ ഇതേ നിലയില്‍ തന്നെ തുടര്‍ന്നാല്‍ പോലും സിംഗപ്പൂര്‍ ഡോളറിന്റെ രൂപയുമായുള്ള നിരക്കില്‍ 50-ല്‍ താഴെ 48-ല്‍ എത്തിയേക്കാം.2011-ലെ അമേരിക്കന്‍ ഡോളര്‍- സിംഗപ്പൂര്‍ ഡോളര്‍ നിരക്ക് 1.20 എന്ന മികച്ച നിലയില്‍ എത്തിയ സാഹചര്യം ഉണ്ടായിരുന്നു .ഒരുപക്ഷെ അതെ മൂല്യം സിംഗപ്പൂര്‍ ഡോളര്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഓരോ സിംഗപ്പൂര്‍ പ്രവാസിക്കും ഒരു സിംഗപ്പൂര്‍ ഡോളറിനു 60 എന്ന സ്വപ്നനിരക്ക് ലഭിക്കുമായിരുന്നു.എന്നാല്‍ ത്രസിപ്പിക്കുന്ന ഒരു മാറ്റം സിംഗപ്പൂര്‍ ഡോളറും ഇന്ത്യന്‍ രൂപയുമായി ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്.അമേരിക്കന്‍ ഡോളറുമായി സിംഗപ്പൂര്‍ ഡോളര്‍ സ്ഥിരപ്പെടുത്തുകയോ , സിംഗപ്പൂര്‍ ഡോളറിനെ ശക്തിപ്പെടുവാന്‍ മോണിറ്ററി അതോറിറ്റി അനുവദിക്കുകയോ ചെയ്താല്‍ മാത്രമേ ഇങ്ങനെയൊരു ഗുണം സിംഗപ്പൂരിലെ പ്രവാസികള്‍ക്ക് ഉണ്ടാകുകയുള്ളൂ.എന്നാല്‍ അതിനുള്ള യാതൊരു സാഹചര്യവും അടുത്ത കുറെ വര്‍ഷങ്ങളില്‍ കാണുന്നില്ല.എന്തൊക്കെ സാഹചര്യം വന്നാലും പഴയപോലെ രിന്ഗ്ഗിറ്റിനെ അമേരിക്കന്‍ ഡോളറുമായി സ്ഥിരപ്പെടുത്തില്ലായെന്നു മലേഷ്യന്‍ സര്‍ക്കാര്‍ ഈ അടുത്തകാലത്ത്‌ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ട് സിംഗപ്പൂരിലെ അതേ  സാഹചര്യം തന്നെയാണ് മലേഷ്യന്‍ പ്രവാസികളുടെയും കാര്യത്തിലും  ഉണ്ടായിരിക്കുന്നത്.