പ്രവാസികളെ രൂപയുടെ മൂല്യം കുറഞ്ഞെന്നു കരുതി വായ്പയെടുത്തു നാട്ടിലേക്ക് പണമയച്ചാല്‍ ചിലപ്പോള്‍ പണിപാളും; സൂക്ഷിക്കുക

1

രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഇതില്‍ ഏറ്റവും ലാഭം കിട്ടിയത് പ്രവാസികള്‍ക്കാണ്.  2017ല്‍ പ്രവാസി ഇന്ത്യക്കാര്‍ വഴി ഇന്ത്യയിലെത്തിയത് 4,96,800 കോടി രൂപയായിരുന്നു.

ഓഗസ്റ്റ് പതിമൂന്നിനാണ് ദിര്‍ഹം-രൂപ വിനിമയം പത്തൊമ്പത് കടന്നത്. വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തില്‍ നേരിയ വ്യത്യാസമുണ്ടായെങ്കിലും മൂന്നാഴ്ചയ്ക്കിടെ 62 പൈസ കൂടി കഴിഞ്ഞ ദിവസം 19.62ലെത്തി. ഒരു വര്‍ഷത്തിനിടെ രണ്ടു രൂപ 26 പൈസയുടെ വര്‍ധനയാണ് പ്രവാസികള്‍ക്ക് ലഭിച്ചത്. 2017 സെപ്റ്റംബര്‍ ഏഴിന് 17.41 രൂപയായിരുന്നുവെങ്കില്‍ 2018 സെപ്റ്റംബര്‍ ഏഴിന് ഇത് 19.59 രൂപയായി.

നിരക്കു വര്‍ധിച്ചതോടെ പണമിടപാട് സ്ഥാപനങ്ങളിലും തിരക്കായി. സൗദി റിയാലിന് 19.15 രൂപ, യുഎഇ ദിര്‍ഹം, 19.57, ഖത്തര്‍ റിയാല്‍ 19.73, ഒമാനി റിയാല്‍ 186.57, ബഹ്‌റൈന്‍ ദിനാര്‍ 190.56, കുവൈത്ത് ദിനാര്‍ 237.18 എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച രാജ്യാന്തര നിരക്ക്. പ്രാദേശിക വിപണിയില്‍ പത്തും ഇരുപതും പൈസയുടെ വ്യത്യാസത്തിലായിരുന്നു വിപണനം.

അതേസമയം  പണം കൈവശമുള്ളവര്‍ക്ക് നാട്ടില്‍ എന്‍ആര്‍ഇ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇടുന്നത് ഗുണകരമാണെന്നും വായ്പയെടുത്ത് അയയ്ക്കുന്നത് ഒട്ടും ഉചിതമല്ലെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിരക്കിലെ വ്യത്യാസത്തിലൂടെ 13 ശതമാനമാണ് പ്രവാസികള്‍ക്ക് നേട്ടമുണ്ടാകുക. അതിനായി 24 ശതമാനം പലിശയ്ക്ക് ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് അയയ്ക്കുന്നത് കൂടുതല്‍ കുരുക്കാകുമെന്നും സൂചിപ്പിച്ചു. വായ്പ എടുത്ത് അയയ്ക്കുന്നവര്‍ക്ക് തിരിച്ചടവ് പ്രശ്‌നമാകുമെന്നും വിദഗ്ധര്‍ പറയുന്നു.