റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു നേരെ വധശ്രമമെന്ന് റിപ്പോർട്ട്

0

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുനേരെ വധശ്രമം ഉണ്ടായതായി റിപ്പോർട്ട്. ജനറൽ ജിവിആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, എപ്പോഴാണ് വധശ്രമം നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതു മുതൽ പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവനു ഭീഷണിയുള്ളതായും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുട്ടിനെതിരെ വധശ്രമം ഉണ്ടായെന്ന റിപ്പോർട്ട്. കുറഞ്ഞത് അഞ്ച് തവണയെങ്കിലും വധശ്രമത്തെ അതിജീവിച്ചതായി പുട്ടിൻ 2017ൽ വെളിപ്പെടുത്തിയിരുന്നു.

പുട്ടിൻ സഞ്ചരിച്ച വാഹനത്തിന്റെ മുൻപിൽ ഇടതുഭാഗത്തെ ടയറിനു സമീപം ‘വലിയ ശബ്ദത്തോടെ’ എന്തോ വന്നിടിച്ചതായാണ് യൂറോ വീക്‌ലി റിപ്പോർട്ട് ചെയ്തത്. വാഹനത്തിനു മുന്നിൽനിന്ന് പുകപടലങ്ങൾ ഉയർന്നെങ്കിലും വാഹനം അതിവേഗം സുരക്ഷിതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ പുട്ടിന് പരുക്കേറ്റില്ലെന്നാണ് വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. പുട്ടിൻ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് വധശ്രമമുണ്ടായതെന്ന് news.co.au ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

യുക്രെയ്ൻ യുദ്ധത്തിലെ തിരിച്ചടികളുടെ പേരിൽ പുട്ടിനെതിരെ റഷ്യയിൽത്തന്നെ നീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് വധശ്രമം ഉണ്ടായെന്ന റിപ്പോർട്ടുകൾ വരുന്നത്. പുട്ടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അധികാരത്തിൽനിന്ന് നീക്കണമെന്ന് സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നുള്ള ഒരു കൂട്ടം രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങളും അതിന്റെ ഫലമായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതും ചൂണ്ടിക്കാട്ടിയാണ് പുട്ടിനെതിരെ ഇവർ രംഗത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ.