ബാഹുബലിക്ക് ശേഷം രാജമൗലിയുടെ 400 കോടി ബജറ്റ് ബ്രഹ്മാണ്ഡചിത്രം; നായികയായി ആലിയ ഭട്ട്

1

ഇന്ത്യൻ സിനിമയെ കാഴ്ച്ചയുടെ വേറിട്ടൊരു ലോകത്തേക്ക് കൊണ്ടെത്തിച്ച ചിത്രമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. കൈവെച്ച സിനിമകളൊക്കെയും സൂപ്പർഹിറ്റാക്കിയ രാജമൗലിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു അക്ഷരാർത്ഥത്തിൽ സിനിമാലോകം.

ബാഹുബലിക്കു ശേഷം എസ് എസ് രാജമൗലി അടുത്ത ബ്രഹ്‌മാണ്ഡ ചിത്രം കൂടി സംവിധാനം ചെയ്യുമെന്നുള്ള വാര്‍ത്ത കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കയാണ്.വ്യാഴാഴ്ച നടന്ന പ്രത്യേക വാർത്ത സമ്മേളനത്തിലാണ് അണിയറപ്രവർത്തകർ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആർആർആർ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര്.

ഏകദേശം 400 കോടി രൂപയാണ് ബജറ്റ് കണക്കാക്കുന്നത്. 2020 ജൂലൈ 30ന് റിലീസ് ആകുമെന്നും കരുതുന്നു.തെലുങ്ക് നടൻമാരായ ജൂനിയർ എൻടിആറും രാംചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജ നേരത്തെ കഴിഞ്ഞിരുന്നു. 400 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ അജയ് ദേവഗണും ആലിയഭട്ടും അടക്കമുള്ളവർ അണിനിരക്കുമെന്നാണ് ഇപ്പോൾ സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്.

1920 കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണിന്‍റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ്, സമുദ്രക്കനി, എന്നിവരും ചിത്രത്തിലുണ്ട്. ആലിയ ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലഭിനയിക്കാൻ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ വലിയ സവിശേഷത.