ശബരിമലയിൽ പ്രതിദിനം 5000 പേർ; ഹൈക്കോടതി അനുമതി

0

കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതൽ പ്രതിദിനം 5000 തീർത്ഥാടകരെ അനുവദിക്കാൻ ആണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. കോവിഡ് ഇല്ലെന്നുറപ്പാക്കാൻ ആർടി–പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. മകരവിളക്ക് തീർത്ഥാടന സമയത്തും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

നെയ്യഭിഷേകം നേരിട്ട് അനുവദിക്കേണ്ടതില്ലെന്ന മുൻ തീരുമാനത്തിൽ മാറ്റമില്ല. മണ്ഡല– മകരവിളക്ക് സീസണിൽ കൂടുതൽ ഭക്തരെ അനുവദിക്കണോ എന്ന് ഉന്നതാധികാര സമിതിക്കു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട്, കോൺഗ്രസ് നേതാവ് അജയ് തറയിൽ, ചെന്നൈ സ്വദേശി കെ. പി. സുനിൽ, കെ. ബൈജു തുടങ്ങിയവരുടെ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി. ടി. രവികുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 2000 തീർഥാടകർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 തീർഥാടകർക്കുമാണ് അനുമതി. സാഹചര്യങ്ങൾ പരിശോധിച്ച് മകരവിളക്ക് സമയത്ത് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.