രോഗകാലം ഓർത്തെടുത്തു; വേദിയിൽ പൊട്ടിക്കരഞ്ഞ് സമാന്ത; വിഡിയോ

0

‘ശാകുന്തളം’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് തെന്നിന്ത്യന്‍ നടി സമാന്ത. ചിത്രത്തിന്റെ സംവിധായകനായ ഗുണശേഖര്‍ ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോഴായിരുന്നു സമാന്ത വികാരാധീനയായത്. തങ്ങളുടെ പ്രിയതാരം കണ്ണീരണിയുന്നതു കണ്ട് ‘സാം സാം’ എന്നു വിളിച്ച് ആരാധകര്‍ താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. മയോസിറ്റിസ് രോഗബാധിതയായ സമാന്ത കുറച്ചു മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കാളിദാസന്‍റെ പ്രശസ്തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശകുന്തളയുടെ ടൈറ്റില്‍ റോളിലാണ് സമാന്തയെത്തുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ പ്രശസ്തനായ ദേവ് മോഹനാണ് ദുഷ്യന്തനായെത്തുന്നത്.

‘‘ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്.’’– സമാന്ത പറഞ്ഞു.

ഫെബ്രുവരി 17ന് ശാകുന്തളം റിലീസ് ചെയ്യും. ചിത്രം 3ഡിയിലും പുറത്തിറങ്ങുന്നുണ്ട്. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായാണ് ചിത്രം 3ഡിയിലും റിലീസ് ചെയ്യുന്നതെന്ന് നിർമാതാക്കള്‍ അറിയിച്ചു.

അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.