പ്രവാസികൾക്ക് സന്തോഷ വാർത്ത: പ്രഫഷനൽ വിസാ സ്റ്റാമ്പിംഗിൽ ആശ്വാസനടപടി; മാസങ്ങളുടെ കാത്തിരിപ്പ് ഇനിവേണ്ട

0

റിയാദ്: പ്രഫഷനൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരാനൊരുങ്ങുന്നവർക്ക് ആശ്വാസ നടപടിയുമായി ഇന്ത്യയിലെ സൗദി എംബസിയും കോൺസുലേറ്റും. പ്രഫഷനൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത സർട്ടിഫിക്കറ്റുകളിൽ സൗദി എംബസിയുടെയോ കോൺസുലേറ്റിന്‍റെയൊ അറ്റസ്റ്റേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണെങ്കിൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ് ഏജൻസികളെ അറിയിച്ചു.

നിലവിൽ ഈ അറ്റസ്റ്റേഷൻ അത്യാവശ്യമായിരുന്നു. ഏറെ സമയമെടുത്താണ് അറ്റസ്റ്റേഷൻ നടപടി പൂർത്തീകരിച്ചിരുന്നത്. മാസങ്ങളോളം കാത്തിരുന്ന് അറ്റസ്റ്റേഷൻ നടത്തി മാത്രമേ വിസ സ്റ്റാമ്പിങ്ങിന് അയക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് സൗദിയിൽ ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിലും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിലും ഇന്ത്യൻ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും അറ്റസ്റ്റേഷനാണ് ആദ്യം വേണ്ടത്. മാനവവിഭവശേഷി മന്ത്രാല അറ്റസ്റ്റേഷൻ കേരളത്തിൽ നോർക്കറൂട്ട്സിൽനിന്ന് ചെയ്തുകിട്ടും. അതിന് ശേഷം വിദേശകാര്യമന്ത്രാലയത്തിന്‍റെ അറ്റസ്റ്റേഷനായി സമർപ്പിക്കണം.

അതും കിട്ടിക്കഴിഞ്ഞാൽ സൗദി എംബസിയിലോ കോൺസുലേറ്റിലോ അറ്റസ്റ്റേഷനായി സമർപ്പിക്കണം. അതാകട്ടെ ഏറെ കാലതാമസം എടുക്കുന്നതായിരുന്നു. എംബസിയോ കോൺസുലേറ്റോ സർട്ടിഫിക്കറ്റുകൾ അതത് യൂണിവേഴ്സിറ്റികളിലേക്കും പ്രവൃത്തിപരിചയം നേടിയ സ്ഥാപനങ്ങളിലേക്കും ‘ഡാറ്റാ ഫ്ലോ’ എന്ന കമ്പനി വഴി വെരിഫിക്കേഷന് അയക്കും. ആ നടപടിപൂർത്തിയായി ക്ലിയറൻസ് കിട്ടാൻ കാലതാമസമെടുക്കും. ശേഷമാണ് അറ്റസ്റ്റേഷൻ. അതും കഴിഞ്ഞേ വിസ സ്റ്റാമ്പിങ് നടക്കുമായിരുന്നുള്ളൂ. നിലവിലെ ഈ സ്ഥിതിക്കാണ് പുതിയ തീരുമാനത്തോടെ മാറ്റം വരുന്നത്.

ഇന്ത്യൻ വിദേശകാര്യമന്ത്രാലത്തിന്‍റെ അറ്റസ്റ്റേഷൻ കിട്ടിക്കഴിഞ്ഞാൽ വേഗം വിസ സ്റ്റാമ്പിങ്ങിന് അയക്കാം. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള അറ്റസ്റ്റേഷനാണ് പോസ്റ്റൽ അറസ്റ്റേഷൻ. എച്ച് ആർ ഡി അറ്റസ്റ്റ് ചെയ്ത ശേഷം ദില്ലിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് അയക്കും. അവിടെ നിന്ന് അറ്റസ്റ്റേഷൻ പൂർത്തിയാകുന്നതോടെ നടപടികൾ പൂർത്തിയായി വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുക്കാം. പുതിയ സർക്കുലർ പ്രകാരം കോൺസുലേറ്റിന്റെ അറ്റസ്റ്റേഷന് ഇനി മുതൽ കാത്തിരിക്കേണ്ടിവരില്ല. എച്ച് ആർ ഡിയും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്തു കിട്ടാൻ പതിനഞ്ചോ ഇരുപതോ ദിവസം മാത്രമേ ആവശ്യമുള്ളൂ. ഉടൻ തന്നെ വിസയുമടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.