വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥന്‍ യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറി; പരാതിയുമായി യുവതിയുടെ ഭർത്താവ്

2

ദുബായ്: മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറിയെന്ന് പരാതി. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാസര്‍കോഡ് കീഴൂര്‍ സ്വദേശി ഹാഷിമാണ്, തന്‍റെ ഭാര്യയുടെ പാസ്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീറിയെന്ന് പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‍പോര്‍ട്ട് രണ്ടായി കീറിയത്. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് പാസ്‍പോര്‍ട്ടിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്ന് ഹാഷിം പറയുന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രവേശന കവാടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധനയ്ക്ക് നല്‍കി. പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്ക് ശേഷം തിരികെ നല്‍കിയശേഷം അകത്ത് കടന്ന് ബോര്‍ഡിങ് പാസ് എടുക്കുന്നതിനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കീറിയ വിവരം അറിഞ്ഞത്. ഇതോടെ യാത്ര ചെയ്യാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. ഉദ്യോഗസ്ഥന് നൽകിയപ്പോഴാണ് പാസ്പോര്ട്ട് കീറിയതെന്നും അതുവരെ ഒരു കുഴപ്പവുമില്ലന്നും ഹാഷിം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യം ബോധിപ്പിചെങ്കിലും ദുബായ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം എഴുതി വാങ്ങിയശേഷമാണ് യാത്ര അനുവദിച്ചത്. കൈക്കുഞ്ഞിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഭാര്യയോട് പോലും വളരെ ക്രൂരമായാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ഹാഷിം പറഞ്ഞു. എന്നാല്‍ ദുബായ് വിമാനത്താവളത്തിലെ പരിശോധനയില്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ മാന്യമായിട്ടായിരുന്നു പെരുമാറ്റം. അടുത്ത യാത്രയ്ക്ക് മുന്‍പ് പാസ്പോര്‍ട്ട് മാറ്റണമെന്ന് പറയുക മാത്രമാണ് അവിടെയുണ്ടായത്.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും പരാതി നല്‍കിയിട്ടുണ്ട്. വിസ ഉള്‍പ്പെടുന്ന പേജുകള്‍ ഇങ്ങനെ കീറാന്‍ സാധ്യതയുണ്ടെന്ന പ്രവാസികളുടെചൂടൻ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇതിനെ കുറിച്ച് അരങ്ങേറുന്നത്.