ജോ ബൈഡന്‍ വിജയത്തിനരികെ; വ്യാപക കള്ളവോട്ടെന്ന് ട്രംപ്

0

അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണ്. 253 ഇലക്ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിര്‍ത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറൽ വോട്ടുകളാണ്.

അരിസോണയിലെ 11 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ ബൈഡന് 264 ഉറപ്പാകും. അങ്ങനെയെങ്കില്‍ ബൈഡന്‍ നേരിയ ലീഡ് നിലനിര്‍ത്തുന്ന നെവാഡ കൂടി നേടാനായാൽ അമേരിക്കയുടെ 46ാംമത്തെ പ്രസിഡന്റായി ബൈഡൻ സ്ഥാനാരോഹണം ചെയ്യപ്പെടും. എന്നാല്‍ നെവാഡയില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡ് മാത്രമാണ് ബൈഡനുള്ളത്. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണൊപ്പം നിന്ന സംസ്ഥാനമാണ് നെവാഡ.

എന്നാൽ പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഡോണൾഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചതായി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ട്രംപിന് വീണ്ടും വിജയിക്കണമെങ്കില്‍ വോട്ടെണ്ണല്‍ ശേഷിക്കുന്ന അലാസ്‌ക(3), ജോര്‍ജിയ(16), നോര്‍ത്ത് കരോലിന(15), പെന്‍സില്‍വാനിയ(20) സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുകയും ഇപ്പോള്‍ ബൈഡന് നേരിയ ലീഡുള്ള നെവാഡ കൂടി പിടിക്കുകയും വേണം. നെവാഡ് പിടിച്ചെടുക്കാനായില്ലെങ്കില്‍ ട്രംപിന് പരമാവധി 267 ഇലക്ട്രല്‍ വോട്ടുകളെ ലഭിക്കൂ.

കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. മിശിഗൺ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീൽ നൽകിയിരിക്കുന്നത്. പെൻസിൽവാനിയയിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു. ജോർജിയയിലും പെൻസിൽവാനിയയിലും വോട്ടെണ്ണൽ ഉടൻ നിർത്തിവയ്ക്കണമെന്നും വിസ്‌കോൺസിനിൽ വീണ്ടും വോട്ടെണ്ണണമെന്നും ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.