മകള്‍ ടിവി കണ്ട് ആരതി ഉഴിയുന്നത് അനുകരിച്ചു; അഫ്രീദി ടിവി തല്ലിപ്പൊട്ടിച്ചു

0

കറാച്ചി: പാക് ക്രിക്കറ്റര്‍ ഡാനിഷ് കനേരിയയുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ വീണ്ടുമൊരു മത വിദ്വേഷ വിഷയത്തില്‍ പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷഹീദ് അഫ്രീദിയും വിവാദത്തില്‍. കുറച്ച് വര്‍ഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ടിവി പരമ്പര കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനാല്‍ വീട്ടിലെ ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്. മകളുടെ പ്രവര്‍ത്തിയില്‍ രോഷം പ്രകടിപ്പിച്ച ശേഷം മകളുടെ മുന്നിലിരുന്ന് ടി.വി. കാണരുത് എന്നും ഒറ്റയ്ക്കിരിക്കുമ്പോള്‍ കണ്ടാല്‍ മതിയെന്ന് ഭാര്യയോട് നിര്‍ദേശിക്കുകയും ചെയ്തതായി താരം പറയുന്നു.

അഫ്രിദീ പറയുന്നത് ഇങ്ങനെ- ” ഒരു ദിവസം താന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ മകള്‍ ടി വി കാണുകയായിരുന്നു. അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഇന്ത്യന്‍ പരമ്പരയിലെ രംഗമായിരുന്നു മകള്‍ ചെയ്തത്. ദേഷ്യമടക്കാന്‍ കഴിയാതെ അന്ന് ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചു. ” അഫ്രീദി പറയുന്നത് കേട്ട് അവതാരകയും കാണികളും ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോ ട്വിറ്ററില്‍ വേഗത്തിലാണ് പ്രചരിക്കുന്നത്. പാകിസ്താന്റെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖമെന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏക ഹിന്ദുവായിരുന്ന ഡാനിഷ് കനേരിയയ്ക്ക് സഹതാരങ്ങളായ മുസ്‌ളീം കളിക്കാരില്‍ നിന്നും വിവേചനം നേരിട്ടിരുന്നതായി നേരത്തേ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ചില കളിക്കാര്‍ ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്നു എന്നായിരുന്നു ആരോപണം. കനേരിയ ഇക്കാര്യം പിന്നീട് ശരി വെയ്ക്കുകയും കളിക്കാരുടെ പേര് പിന്നീട് പുറത്തുവിടുമെന്നും പറഞ്ഞതോടെ വന്‍ വിവാദമാണ് ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം അക്തര്‍ പിന്നീട് തിരുത്തി. താന്‍ പറഞ്ഞതിലെ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുകയായിരുന്നു അക്തര്‍ പിന്നീട് മലക്കം മറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.